പ്യോങ്യാങ്: പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ മേൽനോട്ടത്തിൽ ഉത്തരകൊറിയ പുതിയ വ്യോമാക്രമണപ്രതിരോധസംവിധാനം വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. ഇൗ സംവിധാനം വൻേതാതിൽ നിർമിക്കാനും രാജ്യത്തുടനീളം സ്ഥാപിക്കാനും കിം ജോങ് ഉൻ ഉത്തരവിട്ടതായി ഉത്തരകൊറിയൻ വാർത്തഏജൻസി കെ.സി.എൻ.എ റിപ്പോർട്ടുചെയ്തു.
ആണവായുധങ്ങളും മിസൈലുകളും നിർമിക്കുന്ന അക്കാദമി ഓഫ് നാഷനൽ ഡിഫൻസ് സയൻസാണ് പ്രതിരോധസംവിധാനം വികസിപ്പിച്ചത്. എന്നാൽ, ഏതുതരം യുദ്ധോപകരണമാണ് വികസിപ്പിച്ചതെന്നുവ്യക്തമല്ല. ഏതുദിശയിൽനിന്നുള്ള വ്യോമാക്രമണത്തെയും നിർവീര്യമാക്കാൻ പുതിയ സംവിധാനത്തിനുകഴിയുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
ദീർഘദൂര മിസൈൽ പരീക്ഷണത്തിനുശേഷമാണ് പുതിയ സംവിധാനവുമായി ഉത്തരകൊറിയ രംഗത്തെത്തിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരായ മുൻ വ്യോമസേന മേധാവി രി പ്യോങ് ചോൽ, മുതിർന്ന ശാസ്ത്രജ്ഞനായ കിം ജോങ് സിക്, നാഷനൽ ഡിഫൻസ് സയൻസ് അക്കാദമി മേധാവി ജാങ് ചാങ് ഹ എന്നിവർക്കൊപ്പമാണ് കിം സംവിധാനത്തിെൻറ പരീക്ഷണത്തിന് സാക്ഷ്യംവഹിച്ചത്. ജപ്പാനിലും യു.എസിെൻറ പ്രധാന സൈനികകേന്ദ്രങ്ങളിലുംവരെ എത്താൻ ശേഷിയുള്ളതും ആണവ പോർമുന വഹിക്കാനാവുന്നതുമായ ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു.
അതിനിടെ, ഉത്തരകൊറിയയുടെ ആണവാക്രമണഭീഷണി നേരിടാൻ അമേരിക്കയും ഒരുങ്ങി. ഉത്തരകൊറിയയെ ആക്രമിക്കാനുള്ള പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകൾ യു.എസ് നിഷേധിച്ചു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുെവച്ച് തകർക്കാവുന്ന പ്രതിരോധമിസൈൽ അടുത്തയാഴ്ച പരീക്ഷിക്കുമെന്നു പെൻറഗൺ അറിയിച്ചു. ആദ്യമായാണ് കരയിൽനിന്ന് തൊടുക്കാവുന്നതും ശേഷികൂടിയതുമായ ഭൂഖണ്ഡാന്തര മിസൈൽ പ്രതിരോധം പരീക്ഷിക്കാൻ യു.എസ് തയാറെടുക്കുന്നത്. ചൊവ്വാഴ്ച കാലിഫോർണിയയിലാകും പരീക്ഷണം.
ഭൂഖണ്ഡാന്തര മിസൈലുകളേക്കാൾ അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ പ്രതിരോധമാണ് ഒരുങ്ങുന്നതെന്ന് മിസൈൽ ഡിഫൻസ് ഏജൻസി വക്താവ് ക്രിസ്റ്റഫർ ജോൺസൺ പറഞ്ഞു.
ജപ്പാനെയും യു.എസ് സൈനികകേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകൾ പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പിനെതുടർന്നാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.