പ്യോങ്യാങ്: പസഫിക്കിലെ അമേരിക്കൻ സൈനികതാവളത്തിൽ ആണവായുധം വർഷിക്കാൻ ശേഷിയുള്ളതെന്നു കരുതുന്ന മിസൈൽ ഉത്തര കൊറിയ വീണ്ടും തൊടുത്തു. ദീർഘദൂര ശേഷിയുള്ള ‘ഹ്വാസാങ്-12’ ബാലിസ്റ്റിക് മിസൈലാണ് തിങ്കളാഴ്ച പരീക്ഷിച്ചത്. 2,111.5 കിലോമീറ്റർ ഉയരത്തിൽ പറന്ന് 700 കിലോമീറ്റർ അകലെ ജപ്പാൻ കടലിൽ പതിച്ച മിസൈലിന് പസഫിക് ദ്വീപായ ഗുവാമിലെ അമേരിക്കൻ താവളം ലക്ഷ്യമിടാനാകുമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.
ഉത്തര കൊറിയയിൽനിന്ന് 3,400 കിലോമീറ്റർ അകലെയാണ് ഗുവാം. മിസൈലിന് വലിയ ആണവ ബോംബ് വഹിക്കാനും ശേഷിയുണ്ട്. യു.എൻ വിലക്കുകൾ ലംഘിച്ച് ഇൗ വർഷം ഏഴു മിസൈലുകൾ തൊടുത്ത ഉത്തര കൊറിയയുടെ ഏറ്റവും പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണിതെന്ന് വിദഗ്ധർ പറയുന്നു. ആണവായുധശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെയായി ഉത്തര കൊറിയ രണ്ടു ആണവായുധ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ മിസൈൽ പരീക്ഷണം. പ്രകോപനം അവസാനിപ്പിച്ചില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ദക്ഷിണ കൊറിയ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഉത്തര കൊറിയ വഴങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.