ഇസ്ലാമാബാദ്: ഇന്ത്യയുടെ ജമ്മു-കശ്മീർ വിഭജനം, 370ാം വകുപ്പ് റദ്ദാക്കൽ എന്നിവയോടുള്ള പ്രതികരണമെന്ന നിലക്ക് പാകിസ്താൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ പുറത്താക്കി. ന്യൂഡൽഹിയിലെ പാക് ഹൈകമീഷണറെ പിൻവലിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ പ്രാധാന്യം കുറച്ച നടപടിക്ക് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് പാകിസ്താൻ ആരോപിച്ചു. ഇത് യു.എൻ രക്ഷാസമിതിയിൽ ഉൾപ്പെടെ അവതരിപ്പിക്കും. പാക് ദേശീയ സുരക്ഷ സമിതി (എൻ.എസ്.സി) നിർണായക യോഗം പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ നടന്നിരുന്നു. ഇതിനുശേഷമാണ് തീരുമാനം അറിയിച്ചത്. ഭരണ, സൈനിക രംഗത്തെ ഉന്നതർ യോഗത്തിൽ സംബന്ധിച്ചു. ഉഭയകക്ഷി വ്യാപാരവും റദ്ദാക്കാൻ തീരുമാനമായി. ഉഭയകക്ഷി ധാരണകൾ പുനഃപരിശോധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. ഹൈകമീഷണറെ ഇന്ത്യയിൽനിന്ന് പിൻവലിക്കാനാണ് തീരുമാനമെങ്കിലും പാക് ഹൈകമീഷണർ മുഈനുൽ ഹഖ് ഇതുവരെ ന്യൂഡൽഹിയിൽ ചാർജെടുത്തിട്ടില്ല. പാകിസ്താൻ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14നാണ്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരികളോടുള്ള ഐക്യദാർഢ്യ ദിനമായിരിക്കും.
ആഗസ്റ്റ് 15 കരിദിനമായും ആചരിക്കും. കശ്മീർ താഴ്വരയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിക്കാൻ എല്ലാ നയതന്ത്രരംഗങ്ങളും ജാഗരൂകരാകണമെന്ന് ഇംറാൻ ഖാൻ നിർദേശം നൽകി. സൈന്യം ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. വിദേശ, പ്രതിരോധ, ആഭ്യന്തര മന്ത്രിമാർ, ധനകാര്യ ഉപദേഷ്ടാവ്, കശ്മീർ കാര്യ മന്ത്രി, മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാർ, ഐ.എസ്.ഐ മേധാവി തുടങ്ങിയവരാണ് യോഗത്തിലെത്തിയത്. ചൊവ്വാഴ്ച പാക് പാർലമെൻറിെൻറ സംയുക്ത സമ്മേളനം കശ്മീർ വിഷയത്തിൽ നടന്നിരുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരും യോഗം ചേർന്നു. ഇതിനുപിന്നാലെയാണ് എൻ.എസ്.സി യോഗം നടന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പാകിസ്താനിലെ ഏറ്റവും ഉയർന്ന സിവിൽ-സൈനിക നേതൃസമിതിയാണ് എൻ.എസ്.സി. 2016 ജനുവരിയിൽ പത്താൻകോട്ട് ഭീകരാക്രമണം മുതൽ ഇന്ത്യ പാകിസ്താനോട് അകലം പാലിക്കുകയാണ്.
ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ലെന്നതാണ് ഇന്ത്യൻ നിലപാട്. ഈ വർഷം ആദ്യം പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.