ഇസ്ലാമാബാദ്: ഇത് മൂന്നാം തവണയാണ് പാകിസ്താനില്‍ അക്കാദമിക കേന്ദ്രം ചാവേറുകള്‍ ഉന്നംവെക്കുന്നത്. 2014 ഡിസംബറില്‍ നടന്ന പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിനുശേഷം ഒരു വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിനുനേരെ നടന്ന ഏറ്റവും രക്തരൂഷിത ആക്രമണവും ഇതുതന്നെ. 144 പേരുടെ ജീവനെടുത്ത പെഷാവര്‍ സൈനിക സ്കൂള്‍ ഭീകരാക്രമണത്തിനുശേഷം തീവ്രവാദികളെ വേരോടെ പിഴുതെറിയാന്‍ 20 ഇന പദ്ധതികള്‍ ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, പദ്ധതി എത്രത്തോളം ഫലപ്രദമാണെന്നു സംശയിപ്പിക്കുന്നതായി പിന്നീടുണ്ടായ ഓരോ ആക്രമണവും.
നവംബറില്‍ വിരമിക്കാനിരിക്കുന്ന പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിന്‍െറ തീവ്രവാദത്തിനെതിരായ കര്‍ക്കശ നടപടികള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. എന്നാല്‍, രാജ്യത്തെ ആക്രമണങ്ങളുടെ എണ്ണം തടയാന്‍ റഹീല്‍ ശരീഫിന്‍െറ നടപടികള്‍ക്കുമായില്ല.
ഈ വര്‍ഷം രാജ്യത്തെ നടുക്കിയ വലിയ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ ക്വറ്റയിലെ ആശുപത്രിക്കുനേരെ നടന്നത്. ആക്രമണത്തില്‍  73 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അഭിഭാഷകരായിരുന്നു.
പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണീ ആക്രമണമെന്നതും ശ്രദ്ധേയം. പാക് ഭരണകൂടവും സൈന്യവും തമ്മിലുള്ള ബന്ധവും ശിഥിലമായിട്ട് നാളേറെയായി.
മുന്‍ സൈനിക മേധാവി പര്‍വേസ് മുശര്‍റഫിനെതിരായ രാജ്യദ്രോഹക്കുറ്റത്തില്‍ വിചാരണക്ക് ഉത്തരവിട്ടതാണ് സൈന്യത്തെ ഏറ്റവും കൂടുതല്‍ പ്രകോപിതരാക്കിയത്. പാനമ പേപ്പേഴ്സ് വിവാദ വെളിപ്പെടുത്തലില്‍ പ്രതിച്ഛായ തകര്‍ന്ന നവാസ് ശരീഫ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ ഖാനും പാകിസ്താന്‍ അവാമി തഹ്രീക് നേതാവ് താഹിറുല്‍ ഖദ്രിയും. തുടരെയുള്ള ഭീകരാക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കണമെന്നാണ് ജനപക്ഷം.

പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
ഇസ്ലാമാബാദ്: ക്വറ്റ പൊലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫും അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തു. ഇസ്ലാമാബാദിലെ പരിപാടികള്‍ റദ്ദാക്കിയാണ് നവാസ് ശരീഫ് ക്വറ്റയിലെ ഗവര്‍ണറുടെ വസതിയില്‍ എത്തിയത്. ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്. ജനറല്‍ നാസര്‍ ജന്‍ജ എന്നിവരും പ്രധാനമന്ത്രിക്കും സൈനിക മേധാവിക്കുമൊപ്പം പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ചു. നേരത്തേ റഹീല്‍ ശരീഫ് പൊലീസ് ട്രെയ്നിങ് അക്കാദമി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഭീകരാക്രമണങ്ങളുടെ കേന്ദ്രമായ പശ്ചാത്തലത്തില്‍ ക്വറ്റയില്‍  പൊലീസ് അക്കാദമിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ളെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. നേരത്തേ അക്കാദമിക്കു ചുറ്റുമതില്‍ നിര്‍മിക്കണമെന്ന് പൊലീസ് ബലൂചിസ്താന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, മതില്‍ നിര്‍മാണം തുടങ്ങുന്നതിനു മുമ്പാണ് ആക്രമണം നടന്നത്. സൈന്യത്തിന്‍െറ തിരിച്ചടിയില്‍ ശത്രുക്കള്‍ ദുര്‍ബലരായിട്ടുണ്ടെന്നും എന്നാല്‍, പോരാട്ടം അവസാനിച്ചിട്ടില്ളെന്നും നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി.  ആക്രമണത്തെ തുടര്‍ന്ന് ബലൂചിസ്താനില്‍ മുഖ്യമന്ത്രി സനാദുല്ല സെഹ്രി മൂന്നു ദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ചു. അവസാനത്തെ തീവ്രവാദിയെയും പാകിസ്താനില്‍നിന്ന് പുറത്താക്കുന്നതുവരെ സര്‍ക്കാറിന് വിശ്രമമില്ളെന്ന് നവാസ് ശരീഫ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
യു.എസും അഫ്ഗാനും ആക്രമണത്തെ അപലപിച്ചു. ലോകത്തിന്‍െറ പൊതുശത്രുവാണ് തീവ്രവാദമെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി ചൂണ്ടിക്കാട്ടി.  

 

 

Tags:    
News Summary - pak terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.