ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സർക്കാറുമായി ചേർന്ന് പോരാടാൻ പാകിസ്താൻ സൈന്യം തയാറെടുക്കുന്നതായി പാക് റേഡിയോ റിപ്പോർട്ട് ചെയ്തു. നവാസ് ഷെരീഫിെൻറ പാർട്ടിയായ പി.എം.എൽ.–എന്നിനെ ഉദ്ധരിച്ചാണ് റേഡിയോ റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യൻ ചാരൻ കുൽഭൂഷൺ ജാദവ് കേസിൽ പാക് സർക്കാറും സൈനിക നേതൃത്വവും ഒരുമിച്ച് പോരാടുമെന്ന് സ്പീക്കർ സർദാർ അയാസ് സാദിഖ്അറിയിച്ചതായാണ് റേഡിയോ റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ പാകിസ്താൻ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിച്ചിട്ടില്ല. പാക് താത്പര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എങ്ങനെയാണ് പാക് സൈന്യം കേസിൽ പങ്കുചേരുക എന്നതിനെ കുറിച്ച് സാദിഖ് വിശദീകരിച്ചിട്ടില്ല.
പാക് സൈനിക കോടതിയാണ് നിഗൂഢ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്ക് ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ വാദം.
ജാദവിന് അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് അന്താരാഷ്ട്ര നീതി ന്യായ കോടതി ജാദവിെൻറ വധശിക്ഷക്ക് സ്റ്റേ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.