ഇസ്ലാമാബാദ്: പനാമ കേസിൽ കുറ്റാരോപിതനെന്ന് തെളിഞ്ഞ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് വാറണ്ട്. പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതിയാണ് വാറണ്ട് അയച്ചത്.ശരീഫ്, മകൾ മറിയം, മകളുടെ ഭർത്താവ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ എന്നിവർ കുറ്റക്കാരാണെന്ന് ഒക്ടോബർ10ന് കോടതി കണ്ടെത്തിയിരുന്നു.
പനാമ പേപ്പർ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ശരീഫിനെതിരെ നിലവിലുള്ളത്. കേസിൽ നവംബർ 3ന് കോടതി വീണ്ടും വാദം കേൾക്കുമെന്ന് ശരീഫിന്‍റെ അഭിഭാഷകരിലൊരാളായ സാഫിർഖാൻ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് അഴിമതിക്കേസിൽ ശരീഫിനും കുടുംബത്തിനുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.കഴിഞ്ഞവർഷം പുറത്തു വന്ന പനാമ അഴിമതിക്കേസിൽ ശരീഫിനും കുടുംബത്തിനും ലണ്ടനിൽ അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തുകയും മാധ്യമങ്ങൾ ഇത് പുറത്തു വിടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നവാസ് ശരീഫിനെ കോടതി അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.
ശരീഫിന്‍റെ തന്നെ പാർലമെന്‍ററി സീറ്റിലേക്ക് നടത്തിയ ഉപ തെരഞ്ഞെടുപ്പിൽ ഭാര്യ കുൽസും വൻ വിജയം നേടിയിരുന്നു. പൊതു തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഇത് ഭരണകക്ഷിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.
അതേസമയം ഭാര്യയുടെ ചികിത്സയ്ക്കായി ശരീഫ് ഇപ്പോൾ ലണ്ടനിലാണ്. പനാമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടത്തിയ ശേഷം അദ്ദേഹം പാകിസ്താനിലേക്ക് മടങ്ങി പോയിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.