ബെയ്ജിങ്: കോവിഡ് ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് ചൈനീസ് തലസ്ഥാന നഗരത്തിൽ ഭാഗിക ലോക്ഡൗൺ. ആറു പേർക്കാണ് പുതുതായി നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ദക്ഷിണ ബെയ്ജിങ്ങിലെ ഫെങ്ടായി ജില്ലയിൽ 11 മേഖലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.
പ്രശസ്തമായ സിൻഫാദി മാംസ മാർക്കറ്റും അടച്ചു. രണ്ടുമാസത്തിനിടെ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതൻ മാർക്കറ്റിെലത്തിയതായി കണ്ടെത്തിയിരുന്നു. മറ്റിടങ്ങളിൽ പോകാത്ത ഇയാൾക്ക് മാർക്കറ്റിൽനിന്ന് രോഗം പകർന്നതായാണ് സംശയം.
മാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മാംസ ഗവേഷണ കേന്ദ്രത്തിലെ രണ്ടു പേരാണ് രോഗികളായ മറ്റു രണ്ടു പേർ. രോഗികളിലൊരാൾ സന്ദർശിച്ച സമീപത്തെ മറ്റൊരു മാർക്കറ്റും അടച്ചിട്ടുണ്ട്. സമീപത്തെ ഒമ്പത് സ്കൂളുകൾ, നഴ്സറി സ്കൂളുകൾ എന്നിവ പൂട്ടിയതിനു പുറമെ വിനോദ പരിപാടികൾക്കും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും വിലക്കുമേർപ്പെടുത്തി.
പ്രവിശ്യകൾക്കപ്പുറത്തേക്ക് യാത്രയും അനുവദിക്കില്ല. സിൻഫാദി വിപണിയിൽ എത്തിയ എല്ലാവരെയും കൂട്ടമായി പരിശോധനക്ക് വിധേയമാക്കും.
ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യം മുറിക്കാൻ ഉപയോഗിച്ച ബോഡുകളിലാണ് വൈറസ് കണ്ടെത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതോടെ, പ്രധാന സൂപ്പർ മാർക്കറ്റ് ശൃംഖലകളിൽ വിൽപനക്കു വെച്ച സാൽമൺ മത്സ്യങ്ങൾ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.