ജകാർത്ത: ഇന്തോനേഷ്യയിൽ 180ഒാളം യാത്രക്കാരും ജീവനക്കാരുമായി പറന്ന ‘ലയൺ എയറി’െൻറ ബോയിങ് 737 വിമാനം ജാവ കടലിൽ തകർന്നുവീണു. ആരും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ജകാർത്തയിൽനിന്ന് പറന്നുപൊങ്ങിയ വിമാനം 13 മിനിറ്റുകൾക്കകം റഡാറിൽനിന്ന് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാവിലെ 6.30ഒാടെയായിരുന്നു സംഭവം. ബാങ്ക ദ്വീപിലെ പംങ്കൽ പിനാങ് എന്ന സ്ഥലത്തേക്ക് പോയ വിമാനമാണ് തകർന്നത്.
40 മീറ്റർവരെ ആഴമുള്ള സ്ഥലത്താണ് വിമാനം വീണത്. 150 പേരടങ്ങുന്ന തിരച്ചിൽസംഘം കടലിൽ സജീവമാണ്. വിമാനത്തിൽ വിദേശികളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. 178 മുതിർന്ന യാത്രികരും ഒരു കുട്ടിയും രണ്ട് നവജാത ശിശുക്കളും രണ്ട് പൈലറ്റുമാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ദേശീയ ഗതാഗത സുരക്ഷ സമിതി അറിയിച്ചു. വിമാനത്തിൽ 188 പേരാണുള്ളത് എന്നാണ് ആദ്യ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.
ഇൗ വിമാനം ആഗസ്റ്റ് മുതലാണ് ഉപയോഗിച്ചു തുടങ്ങിയതെന്ന് ‘ലയൺ എയർ’ അധികൃതർ പറഞ്ഞു. പൈലറ്റും സഹപൈലറ്റും മതിയായ അനുഭവപരിചയം ഉള്ളവരാണ്. ജകാർത്തയിലേക്ക് വരുംമുമ്പ് വിമാനത്തിനുണ്ടായ സാേങ്കതിക തകരാർ ബാലിയിൽവെച്ച് പരിഹരിച്ചിരുന്നു.
പിന്നീട്, ജകാർത്തയിൽ വെച്ചും അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. റഡാറിൽനിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് വിമാനം തിരിച്ച് ജകാർത്തയിലിറക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സർക്കാറിെൻറ ‘സെർച് ആൻഡ് റെസ്ക്യൂ’ വിഭാഗം വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു.
നൂറുകണക്കിന് ദ്വീപുകൾ ചേർന്ന രാഷ്ട്രമായ ഇന്തോനേഷ്യ, വിവിധ ദ്വീപുകളിലേക്കുള്ള സഞ്ചാരത്തിന് വിമാനങ്ങളെയാണ് കാര്യമായി ആശ്രയിക്കുന്നത്. എന്നാൽ, സുരക്ഷയുടെ കാര്യത്തിൽ വിമാനങ്ങൾ പിന്നിലാണ്. നിരവധി വിമാന അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
ആഗസ്റ്റിൽ കിഴക്കൻ ഇന്തോനേഷ്യയിലെ പർവത നിരകളിൽ വിമാനം തകർന്ന് എട്ടുപേർ മരിച്ചിരുന്നു. ഇതിൽ 12 വയസ്സുള്ള ആൺകുട്ടി രക്ഷപ്പെട്ടു. 2015ൽ മോശം കാലാവസ്ഥയിൽ ‘ട്രിഗാന’ കമ്പനിയുടെ വിമാനം തകർന്ന് 54 പേരും 2014ൽ ‘എയർ ഏഷ്യ’യുടെ വിമാനം തകർന്ന് 162 പേരും മരിച്ചിരുന്നു. ഇപ്പോൾ അപകടത്തിൽപെട്ട ‘ലയൺ എയർ’ ചെലവുകുറഞ്ഞ യാത്രാസൗകര്യം ഒരുക്കുന്ന വിമാനക്കമ്പനിയാണ്. ഇവരുടെ പല വിമാനങ്ങളും മുമ്പ് അപകടത്തിൽപെട്ടിട്ടുണ്ട്.
ഇന്തോനേഷ്യൻ വിമാനത്താവളങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിൽ അധികം വിമാനങ്ങളാണ് ഇവിടെ സർവിസ് നടത്തുന്നതെന്ന് കഴിഞ്ഞ വർഷം ‘ഇന്തോനേഷ്യൻ എയർ ട്രാഫിക് കൺട്രോളേഴ്സ് അസോസിയേഷൻ’ ആരോപിച്ചിരുന്നു. സുരക്ഷ കാര്യങ്ങളിലെ അലംഭാവം കാരണം യൂറോപ്യൻ യൂനിയനും യു.എസും മറ്റും ഇന്തോനേഷ്യൻ വിമാനങ്ങൾ തങ്ങളുടെ ആകാശത്തുകൂടി പറക്കുന്നത് പലപ്പോഴായി നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.