ഇസ്ലാമാബാദ്: അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യത പ്രഖ്യാപിച്ചതിനെ തുടർന്ന് രാജിവെച്ച നവാസ് ശരീഫിനുപകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാക് പ്രസിഡൻറ് മംമ്നൂൻ ഹുസൈെൻറ അധ്യക്ഷതയിൽ പാർലമെൻറ് ചൊവ്വാഴ്ച സമ്മേളിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരിക്കും പാർലമെൻറ് ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കുക. മുൻ പെട്രോളിയം മന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസിയെയാണ് ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹം പാർലമെൻറ് സ്പീക്കർക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. പിന്നീട് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായുള്ള നടപടികൾ സഭ ചർച്ച ചെയ്യും. 342 അംഗ പാർലമെൻറ് സീറ്റിൽ പ്രതിപക്ഷവും സ്ഥാനാർഥിയെ നിർത്തുന്നുണ്ട്.
പത്രികകൾ സൂക്ഷ്മമായി പരിശോധിച്ചശേഷം സ്പീക്കർ അന്തിമസ്ഥാനാർഥികളെ പ്രഖ്യാപിക്കും. പാകിസ്താൻ മുസ്ലിം ലീഗ്-നവാസ്(പി.എം-എൻ) പക്ഷത്തിന് മേധാവിത്വമുള്ളതിനാൽ അബ്ബാസിക്ക് എളുപ്പം ഭൂരിപക്ഷം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരീഫിെൻറ വിശ്വസ്തനായ അബ്ബാസിയുടെ പിതാവ് മുഹമ്മദ് ഖാഖാൻ അബ്ബാസിയും മന്ത്രിപദം വഹിച്ചിട്ടുണ്ട്.
നിലവിൽ സഹോദരൻ ശഹബാസ് ശരീഫിനെയാണ് നവാസിെൻറ പകരക്കാരനായി നിശ്ചയിട്ടുള്ളത്. അദ്ദേഹം പാർലമെൻറ് അംഗമല്ലാത്തതിനാൽ നേരിട്ട് പ്രധാനമന്ത്രിയായി അവരോധിക്കാൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിച്ചത്. ശഹബാസ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ അബ്ബാസി അധികാരമൊഴിയും. 45 ദിവസത്തിനകം അധികാര കൈമാറ്റം ഉണ്ടായേക്കും. പാകിസ്താനിൽ ഇത്തരം അധികാരകൈമാറ്റം മുമ്പ് ഉണ്ടായിട്ടുണ്ട്. മുൻ പട്ടാളമേധാവി ജനറൽ പർവേസ് മുശർറഫിെൻറ കാലത്ത്, രാഷ്ട്രീയക്കാരനായ ചൗധരി ശുജാഅത്ത് ഹുസൈനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു.
രാഷ്ട്രീയ അനിശ്ചിതത്വം സൈന്യത്തിന് മുതൽക്കൂട്ടാകുമെന്ന്
ഇസ്ലാമാബാദ്: പാകിസ്താനിൽ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വം സൈന്യത്തിന് നേട്ടമാകുമെന്ന് റിപ്പോർട്ട്. സൈന്യം ശക്തി നേടിയാൽ ഇന്ത്യ-പാക് ബന്ധം കൂടുതൽ രൂക്ഷമാകുമെന്നും നയതന്ത്രവിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.
ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നതിന് നിലവിലെ സാഹചര്യം പാക്സൈന്യം മുതലെടുക്കുമെന്ന് വിദേശസെക്രട്ടറിയായിരുന്ന ലളിത് മൻസിങ്, പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണറായിരുന്ന ജി. പാർഥസാരഥി, യു.എസിലെ ഇന്ത്യൻ അംബാസഡറായിരുന്ന മീര ശങ്കർ എന്നിവർ വിലയിരുത്തി. ശരീഫ് രാജിവെച്ചതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യത തുറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പത്താൻകോട്ട് ഭീകരാക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.