ഷിയാൻമെൻ: ഉത്തരകൊറിയക്കെതിരെ നയതന്ത്രപരമായ പരിഹാരമാണ് വേണ്ടതെന്നും അല്ലാതെയുള്ള ഉപരോധങ്ങൾ ആഗോള ദുരന്തമാകുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ. ഉത്തര കൊറിയയുടെത് പ്രകോപനപരമായ പ്രവൃത്തി തന്നെയാണ്. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്നത് ഫലപ്രദമല്ലെന്നും പുടിൻ ചൂണ്ടിക്കാട്ടി. ബ്രിക്സ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോടാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിനെതിരെ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ കടുത്ത വിമർശനമുയർത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ശത്രുതാപരവും അപകടകരവുമായ നീക്കമെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കക്കുനേരെ ശത്രുതാപരമായ നടപടികൾ തുടരുന്ന ഉത്തരകൊറിയ ചൈനക്കും ഭീഷണിയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക നിലപാടെടുത്തിരുന്നു. യു.എന്‍ രക്ഷാസമിതി യോഗത്തിലാണ് ഉത്തര കൊറിയക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. യുദ്ധം ഉത്തര കൊറിയ ഇരന്നു വാങ്ങിക്കുകയാണെന്നാണ് യു.എന്നിലെ അമേരിക്കൻ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞത്.
നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് ഇനി കാര്യമില്ല. വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചു. ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹാലെ ആവശ്യപ്പെട്ടിരുന്നു.
ജർമൻ ചാൻസലർ അംഗല മെർകൽ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നീ രാഷ്ട്രത്തലവന്മാരും ഉത്തരെകാറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ അപലപിച്ചിരുന്നു.
ഞായറാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത്. രാജ്യത്ത് സുപ്രധാന സംഭവങ്ങൾ നടക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന 74കാരി ചാനൽ അവതാരക റി ചുൻ ഹീ ആണ് വാർത്ത രാജ്യത്തെ അറിയിച്ചത്.
പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയക്കെതിരെ ചൈനയും ജപ്പാനും രംഗത്തുവന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും വിമർശിച്ചു. അന്താരാഷ്ട്രതലത്തിലുള്ള ശക്തമായ വെല്ലുവിളികൾ അവഗണിച്ചാണ് ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. ഉത്തര കൊറിയയിലെ കിൽജു കൗണ്ടിയിൽ നിന്നായിരുന്നു പരീക്ഷണം.
ജപ്പാനാണ് പരീക്ഷണം ആദ്യമായി സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ യു.എസിനെ മുഴുവൻ വരുതിയിലാക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.