2016ല്‍ അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞു; മുങ്ങി മരണങ്ങള്‍ കൂടി

അങ്കാറ: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍, കുടിയേറ്റത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ ഈ വര്‍ഷം മൂന്നര ലക്ഷം പേരാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി എത്തിയത്.

2015ല്‍ 10 ലക്ഷത്തിലധികം ആളുകള്‍ എത്തിയ സ്ഥാനത്താണ് ഈ കുറവ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ യൂനിയന്‍ ബോര്‍ഡര്‍ കണ്‍ട്രാള്‍ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ വഴിയും തുര്‍ക്കി വഴിയും 1,80,000 പേരാണ് യൂറോപ്പിലത്തെിയത്. ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍വഴി 1,70,000 പേരും എത്തി. തുര്‍ക്കിയും ഇ.യു രാജ്യങ്ങളും തമ്മിലുള്ള കരാറിനെ തുടര്‍ന്നാണ് അഭയാര്‍ഥിപ്രവാഹത്തില്‍ കുറവുണ്ടായത്.

എന്നാല്‍, വടക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ വഴിയുള്ള കുടിയേറ്റം 30 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ കണക്കില്‍ 4,812 പേര്‍ ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വന്‍ വര്‍ധനവാണ്. 1,200 പേരാണ് 2015ല്‍ ഇത്തരത്തില്‍ മരിച്ചിരുന്നത്. ലോകത്താകമാനം 7,189 അഭയാര്‍ഥികള്‍ മരണമടഞ്ഞതായും സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നു. ഇതു പ്രകാരം ലോകത്ത് ഓരോ ദിവസവും 20 അഭയാര്‍ഥിയെങ്കിലും മരിക്കുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് 200-300 ആളുകള്‍ കൂടി ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് മരണമടയുന്നവരുടെ എണ്ണമെന്ന് അധികൃതര്‍ പറയുന്നു. കണക്കില്‍പെടാതെ ഒറ്റപ്പെട്ട് മരണപ്പെടുന്നവരുടെ കൂടാതെയുള്ള എണ്ണമാണിത്. അതിനാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടും. പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലെയും സംഘര്‍ഷ ഭൂമികളില്‍നിന്നാണ് യൂറോപ്പിലേക്ക് അഭയാര്‍ഥിപ്രവാഹം കൂടുതലായുള്ളത്.

Tags:    
News Summary - refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.