ധാക്ക: മ്യാൻമറിെൻറ വടക്കുപടിഞ്ഞാറൻ മേഖലയായ റാഖൈനിൽ റോഹിങ്ക്യകൾക്കെതിരായ വേട്ട കൂടുതൽ രൂക്ഷം. സൈന്യത്തിെൻറ ഒത്താശയോടെ നടക്കുന്ന കൊടിയഅക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ദിവസങ്ങൾക്കിടെ 58,600 പേർ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായി യു.എൻ അഭയാർഥിസംഘടന വ്യക്തമാക്കി. 2600 ലേറെ വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ആരാധനാലയങ്ങൾ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ എന്നിവയും ചാമ്പലാക്കി. ആക്രമണത്തിനുപിന്നിൽ അറാകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണെന്ന് സൈന്യം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സർക്കാർപിന്തുണയോടെ മ്യാൻമർ സൈന്യമാണ് വേട്ടക്കുപിന്നിലെന്ന് റോഹിങ്ക്യകൾ പറയുന്നു. 10 ലക്ഷത്തിലേറെ വരുന്ന ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്ലിംകളെ കൂട്ടമായി നാടുകടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് ആരോപണം. ഒരാഴ്ചയായി വീണ്ടും ശക്തിയാർജിച്ച സംഘർഷങ്ങൾക്കിടെ 400 ലേറെപേർ കൊല്ലപ്പെെട്ടന്നാണ് ഒൗദ്യോഗികവിവരം.
മോങ്ടോ നഗരത്തിെൻറ രണ്ടു വാർഡുകളിലും സമീപത്തെ കൊടാൻകോക്, ചെയ്ൻ ഖാർ ലി, ക്വികാൻപിൻ ഗ്രാമങ്ങളിലുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾ കൂട്ടമായി അഗ്നിക്കിരയാക്കിയത്. റോഹിങ്ക്യകൾ കൂട്ടത്തോടെ താമസിച്ചിരുന്ന ചെയ്ൻ ഖാർ ലി ഗ്രാമം സമ്പൂർണമായി ചാമ്പലായതിെൻറ ഉപഗ്രഹ ചിത്രങ്ങൾ കഴിഞ്ഞദിവസം ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ടിരുന്നു. ഇവിടെ മാത്രം 700ഒാളം വീടുകളാണ് അഗ്നിക്കിരയായത്. ആക്രമണം നടത്തിയത് മ്യാൻമർ സൈന്യമാണെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് വ്യക്തമാക്കി. അറാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി ആഗസ്റ്റ് 25ന് പൊലീസ് സ്റ്റേഷനുകളിലും ചെക്പോസ്റ്റുകളിലും ഗവ. ഒാഫിസുകളിലും നടത്തിയ ആക്രമണത്തോടെയാണ് പ്രശ്നം വീണ്ടും ഗുരുതരമാകുന്നത്.
അഭയാർഥികൾ നാഫ്പുഴ കടന്ന് ബംഗ്ലാദേശിലേക്ക് എത്തുന്നത് തടയാൻ നേരേത്ത സർക്കാർ കടുത്തനടപടികൾ സ്വീകരിച്ചത് അഭയാർഥികളെ ദുരിതത്തിലാക്കിയിരുന്നു. എന്നാൽ, സ്ഥിതി ഗുരുതരമായതോടെ ഒഴുക്ക് വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. 1990കൾക്കുശേഷം നാലു ലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാദേശിൽ അഭയം തേടിയിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ യു.എൻ ആഗോള ഭക്ഷ്യപദ്ധതിക്കു കീഴിൽ ഉൾപ്പെടെ നൽകിവന്ന സഹായങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് എത്തിപ്പെടൽ ദുഷ്കരമായതോടെയാണ് നീക്കം. 2012 മുതൽ യു.എൻ ഭക്ഷ്യവസ്തുക്കളെ മാത്രം ആശ്രയിച്ചുകഴിഞ്ഞ രണ്ടര ലക്ഷത്തോളം റോഹിങ്ക്യകൾ ഇതോടെ പട്ടിണിയിലാകുമെന്ന ആശങ്കയുണ്ട്. റാഖൈനിൽ മനുഷ്യദുരന്തമാണ് കൺമുന്നിലെന്ന് കഴിഞ്ഞ ദിവസം യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് മുന്നറിയിപ്പ് നൽകിയിരുന്നു. മ്യാൻമറിൽ നടക്കുന്നത് വംശഹത്യയാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കുറ്റപ്പെടുത്തി.
റോഹിങ്ക്യകൾ: പൗരത്വമില്ലാത്ത ജനതയുടെ പേര് നായ്പിഡാവ്: ലോകത്തെ ഏറ്റവും വലിയ മർദിത ന്യൂനപക്ഷമായാണ് റോഹിങ്ക്യകൾ അറിയപ്പെടുന്നത്. ബുദ്ധമത വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള മ്യാൻമറിെൻറ വടക്കുപടിഞ്ഞാറൻ മേഖലയായ റാഖൈനിൽ 11 ലക്ഷത്തോളം വരുന്ന മുസ്ലിം ന്യൂനപക്ഷമാണ് റോഹിങ്ക്യകൾ. റോഹിങ്ക്യ അഥവാ, റുവൈൻഗ ആണ് സംസാരഭാഷ. നൂറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞുവരുന്നവരാണെങ്കിലും 1982 മുതൽ പൗരത്വം നിഷേധിക്കപ്പെട്ടതോടെ അക്ഷരാർഥത്തിൽ ജീവിക്കാൻ രാജ്യമില്ലാത്തവരായി മാറിയവർ. സംസ്ഥാനം വിടാൻ പോലും ഇവർക്ക് സർക്കാർ അനുമതി വാങ്ങണം. വിദ്യാഭ്യാസവും ആശുപത്രികളും നിഷേധിക്കപ്പെട്ട് ഗെറ്റോകളെക്കാൾ മോശം ജീവിതവുമായി കഴിയുന്നവർ. സർക്കാർ നേരിട്ട് ഇടെപട്ട് ആക്രമണം സജീവമായതോടെ അയൽരാജ്യങ്ങളിലേക്ക് കുടിയേറിയവർ ഏറെ. ഇൗ പലായനം ഇപ്പോഴും തുടരുന്നു. 12ാം നൂറ്റാണ്ടുമുതൽ റോഹിങ്ക്യകൾ റാഖൈനിൽ കഴിഞ്ഞുവരുന്നുണ്ടെന്നതിന് ചരിത്രം തെളിവു നിരത്തുന്നുണ്ടെങ്കിലും ബ്രിട്ടീഷ് ഭരണകാലത്ത് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതാണ് എല്ലാവരുമെന്നാണ് മ്യാൻമർ സർക്കാർ വാദം. കുറേപേർ അങ്ങനെ കുടിയേറിയിട്ടുണ്ടെങ്കിലും എല്ലാവരെയും നാടുമാറി വന്നവരായി കണക്കാക്കി നാടുകടത്താനാണ് ഇപ്പോൾ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.