മ്യാന്‍മറില്‍ നടക്കുന്നത് വംശീയാധിക്ഷേപമെന്ന് യു.എന്‍

ധാക്ക: രാഖൈനിലെ റോഹിങ്ക്യകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ആയിരങ്ങളെ പിറന്ന മണ്ണില്‍നിന്ന് നാടുകടത്തുക
യും ചെയ്യുന്ന  മ്യാന്‍മര്‍ സൈനിക നടപടി വംശഹത്യയെന്ന് യു.എന്‍ കുറ്റപ്പെടുത്തി. സൈനികരുടെ ആക്രമണത്തില്‍നിന്ന് രക്ഷതേടി രാഖൈനിലെ ആയിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകള്‍ അയല്‍ സംസ്ഥാനമായ ബംഗ്ളാദേശിലേക്കാണ്് പലായനം ചെയ്യുന്നത്.

റോഹിങ്ക്യകളുടെ എണ്ണം അമിതമായതോടെ ബംഗ്ളാദേശ് അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കി. മ്യാന്മര്‍ അംബാസഡറെ വിളിച്ചുവരുത്തി ആശങ്കയും അറിയിച്ചു. സുരക്ഷാഗാര്‍ഡുകളുടെ പ്രതിരോധങ്ങള്‍ക്കിടയിലും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ആയിരങ്ങള്‍ മ്യാന്മറില്‍നിന്ന് രാജ്യത്തേക്ക് ഒഴുകുകയാണെന്ന് ബംഗ്ളാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 20 ബോട്ടുകളിലായി റോഹിങ്ക്യകളെ മ്യാന്മറിലേക്കുതന്നെ തിരികെ അയച്ചു.

ബംഗ്ളാദേശിലേക്കുള്ള യാത്രക്കിടെ ബോട്ട് മറിഞ്ഞ് ഏഴുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഭയാര്‍ഥികളുടെ ആധിക്യമാണ് ബംഗ്ളാദേശ് സര്‍ക്കാറിനെ വലക്കുന്നത്. അവര്‍ കൈയൊഴിഞ്ഞാല്‍ മരണമാണ് റോഹിങ്ക്യകളുടെ മുന്നിലുള്ള ഏക വഴി. ഒക്ടോബറില്‍ തുടങ്ങിയ സൈനിക നീക്കത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി.

എന്നാല്‍, ആക്രമണം നടത്തിയിട്ടില്ളെന്നും അന്താരാഷ്ട്ര സംഘങ്ങളുടെ ശ്രദ്ധ നേടിയെടുക്കാനുള്ള റോഹിങ്ക്യകളുടെ അടവാണിതെന്നും മ്യാന്മര്‍ സര്‍ക്കാര്‍ ആരോപിച്ചു. സൈനിക ഓപറേഷനെ തുടര്‍ന്ന് മേഖലയിലേക്ക് ഭക്ഷണ വിതരണവും നിലച്ചു. 3,000ത്തിലേറെ കുട്ടികള്‍ പോഷക ദൗര്‍ലഭ്യം അനുഭവിക്കുകയാണെന്നും 1,50,000 ആളുകള്‍ പട്ടിണിയിലാണെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - rohingya muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.