കൊളംബോ: പ്രതിസന്ധി തുടരുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച് കോടതി വിധി. പ്രസിഡൻറ് മൈത്രിപാല സിരിസേന റെനിൽ വിക്രമസിംഗെക്ക് പകരം പ്രധാനമന്ത്രിയായി നിയമിച്ച മഹിന്ദ രാജപക്സക്ക് ആ സ്ഥാനത്ത് തുടരാനാവില്ലെന്നാണ് അപ്പീൽ കോടതി വിധിച്ചത്. രാജപക്സയുടെ മന്ത്രിസഭക്കും അംഗീകാരമുണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയിലെയും തമിഴ് നാഷനൽ അലയൻസിലെയും ജനത വിമുക്തി പേരാമുനയിലെയും 122 പാർലമെൻറ് അംഗങ്ങൾ നൽകിയ ഹരജിയിലാണ് ഇടക്കാല വിധി. ഇൗമാസം 12, 13 തിയതികളിൽ കേസിൽ തുടർവാദം കേൾക്കും.
കോടതി വിധി സിരിസേനക്കും രാജപക്സക്കും തിരിച്ചടിയായി. ഒക്ടോബർ 26നാണ് ലങ്കയെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് തള്ളിയിട്ട തീരുമാനത്തിലൂടെ വിക്രമസിംഗെയെ പുറത്താക്കി മുൻ എതിരാളി കൂടിയായ രാജപക്സയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചത്. 20 മാസം കാലാവധിയുണ്ടായിരിക്കെ പാർലമെൻറും പിരിച്ചുവിട്ട സിരിസേന തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. പാർലമെൻറ് പിരിച്ചുവിട്ട നടപടി പിന്നീട് സുപ്രീംകോടതി റദ്ദാക്കി.
225 അംഗ പാർലമെൻറിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് 106ഉം തമിഴ് നാഷനൽ അലയൻസിന് 16ഉം ജനത വിമുക്തി പെരമുനക്ക് ആറും സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മാത്രമേ ആവശ്യമുള്ളൂ. സിരിസേന-രാജപക്സ സഖ്യത്തിന് 95 സീറ്റാണുള്ളത്. യുനൈറ്റഡ് നാഷനൽ പാർട്ടി, തമിഴ് നാഷനൽ അലയൻസ്, ജനത വിമുക്തി പെരമുന എന്നിവ പാർലമെൻറിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും അതിജീവിക്കാൻ രാജപക്സക്കായിരുന്നില്ല. എന്നിട്ടും താനാണ് പ്രധാനമന്ത്രിയെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.
കോടതി വിധി വന്നതോടെ രാജപക്സക്ക് പ്രധാനമന്ത്രിയായി തുടരാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും തന്നെ പ്രധാനമന്ത്രിയായി അംഗീകരിക്കുകയല്ലാതെ സിരിസേനക്ക് മുന്നിൽ മറ്റു വഴികളില്ലെന്നും വിക്രമസിംഗെ അഭിപ്രായപ്പെട്ടു. അതിന് സിരിസേന തയാറായില്ലെങ്കിൽ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടനൊന്നും അറുതിയാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.