കൊളംബോ: ശ്രീലങ്കയിൽ പ്രസിഡൻറ് മൈത്രിപാല സിരിസേന പാർലമെൻറ് പിരിച്ചുവിട്ട ന ടപടി ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനിൽ വിക്രമസിംഗെയെ പുറത്താക്കി രാജ്യത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളിവിട്ട സിരിസേന ക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധി. സുപ്രീംകോടതിയിലെ ഏഴംഗ ബെഞ്ച് െഎകകണ്ഠ്യേനയാണ് വിധി പ്രസ്താവിച്ചത്.
പ്രശ്നസാധ്യത കണക്കിലെടുത്ത് വിധിക്കു ശേഷം കോടതിക്കു ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇരുപക്ഷവും ശാന്തരായിരിക്കണമെന്നും രാജ്യത്തെ സംഘർഷത്തിലേക്ക് തള്ളിവിടരുതെന്നും യുനൈറ്റഡ് നാഷനൽ ഫ്രണ്ട് ഡെപ്യൂട്ടി നേതാവ് സജിത് പ്രേമദാസ് അഭ്യർഥിച്ചു. ഒക്ടോബർ 26നാണ് വിക്രമസിംഗെയെ പുറത്താക്കി സിരിസേന പകരം മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സയെ നിയമിച്ചത്. പിന്നാലെ പാർലമെൻറ് പിരിച്ചുവിട്ടു ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
രാജപക്സക്ക് പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് കണ്ടായിരുന്നു സിരിസേനയുടെ തന്ത്രപരമായ നീക്കം. 225 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന് 113 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. ഭൂരിപക്ഷം വിക്രമസിംഗയുടെ പാർട്ടിക്കാണ്. ബുധനാഴ്ച നടന്ന വിശ്വാസ വോെട്ടടുപ്പിൽ വിക്രമസിംഗ 117 പേരുടെ പിന്തുണ നേടി ഭൂരിപക്ഷം തെളിയിച്ചിരുന്നു. കോടതിയുടെ തീരുമാനം മാനിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ ഒമ്പതിന് പാർലമെൻറ് പിരിച്ചുവിട്ട സിരിസേനക്കെതിരെ 13 പരാതികളാണ് കോടതിയിൽ ഫയൽ ചെയ്തത്. അധികാരത്തിൽ അള്ളിപ്പിടിക്കാനുള്ള രാജപക്സയുടെയും മോഹങ്ങൾക്ക് കോടതിവിധി തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.