ഡമസ്കസ്: സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂത പൂർണമായും പിടിച്ചെടുക്കാൻ സർക്കാർ സേന ആക്രമണം ശക്തമാക്കി. ഇതിനായി ഗൂതയെ മൂന്നായി തിരിച്ച് പരസ്പരം സഹായം നൽകുന്നത് തടഞ്ഞിരിക്കയാണ്. മേഖലയിലെ പ്രധാന പട്ടണമായ ദൂമ പട്ടണം ബശ്ശാർ അൽഅസദിെൻറ സൈന്യം വളഞ്ഞ നിലയിലാണെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷകർ അറിയിച്ചു. ഒരുകാലത്ത് സിറിയയിലെ പ്രധാന പട്ടണമായിരുന്ന ദൂമയുടെ നിയന്ത്രണം ദിവസങ്ങൾക്കകം പിടിച്ചെടുക്കാനാണ് സൈന്യത്തിെൻറ ശ്രമം.
പട്ടണത്തിലേക്ക് റഷ്യൻ വ്യോമാക്രമണത്തിെൻറ അകമ്പടിയോടെ മുന്നേറുന്ന സേന കനത്ത നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.വിമതരുടെ അവസാന കേന്ദ്രവും പിടിച്ചെടുക്കാനുള്ള ശ്രമം കനത്ത ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് കാരണമായതായി അൽജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കിഴക്കൻ ഗൂതയിൽ കഴിഞ്ഞ 21 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1099 ആയി. ഇതിൽ 227 പേർ കുട്ടികളാണ്. ജനങ്ങൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഭൂഗർഭകേന്ദ്രങ്ങൾ, പള്ളികൾ എന്നിവ ലക്ഷ്യമാക്കിയാണ് കഴിഞ്ഞ ദിവസവും ആക്രമണങ്ങൾ നടന്നത്. അതിനിടെ ഗൂതയിൽ സൈന്യം രാസായുധം പ്രയോഗിച്ചതായും ചില റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹെൽമെറ്റ്സ് എന്നറിയപ്പെടുന്ന സന്നദ്ധ സംഘടനയെ ഉദ്ധരിച്ചാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, സർക്കാർ വൃത്തങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.