റാമല്ല: ഇസ്രായേൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിൽ ഫലസ്തീനി യുവാവ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ജറൂസലമിനു സമീപത്തെ ഹർ അദർ കുടിയേറ്റ കേന്ദ്രത്തിലാണ് കൈത്തോക്കുമായി എത്തിയ 37കാരനായ നിമ്ർ ജമാൽ വെടിവെപ്പ് നടത്തിയത്. ഇയാളെ ഇസ്രായേൽ അർധ സൈനിക വിഭാഗം വെടിവെച്ചുകൊന്നു.
കുടിയേറ്റ കേന്ദ്രത്തിൽ വിവിധ ജോലികൾക്കായി എത്തിയ 150ഒാളം ഫലസ്തീനി തൊഴിലാളികൾക്കൊപ്പമാണ് യുവാവ് വന്നത്. ഫലസ്തീനികളുടെ തൊഴിൽ അനുമതി രേഖയുടെ പരിശോധന നടക്കുന്നതിനിടെ സംശയം തോന്നി തടഞ്ഞുനിർത്തിയപ്പോഴാണ് സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ തുരുതുരാ വെടിയുതിർത്തത്. പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. അനധികൃത കുടിയേറ്റ കേന്ദ്രത്തിൽ ശുചീകരണ ജോലിയാണ് നിമ്ർ ജമാൽ ചെയ്തിരുന്നത്. കുടുംബം ജോർഡനിലേക്ക് നാടുവിട്ട യുവാവിന് മാനസിക പ്രയാസമുണ്ടായിരുന്നതായി ഇസ്രായേൽ സൈനിക വിഭാഗം പറഞ്ഞു. ആക്രമണത്തെ തുടർന്ന്, നിമ്ർ ജമാലിെൻറ വീട് തകർക്കാനും കുടുംബാംഗങ്ങളിൽ തൊഴിൽ അനുമതി രേഖയുള്ളവരുടേത് പിൻവലിക്കാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്. 2015ൽ സംഘർഷം കൂടുതൽ രൂക്ഷമായശേഷം ഇതുവരെ 295 ഫലസ്തീനികളും 50ഒാളം ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.