ബെയ്ജിങ്: 1989ൽ ചൈനീസ് സൈന്യം അതിക്രൂരമായി അടിച്ചമർത്തിയ ടിയാനൻമെൻ ചത്വരത്തിലെ ജനാധിപത്യപ്രക്ഷോഭത്തിൽ ചുരുങ്ങിയത് 10,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടീഷ് ആർകൈവാണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. സംഭവം നടന്ന് 28 വർഷത്തിനുശേഷമാണ് രേഖ പുറത്തുവിട്ടത്. ഇതുവരെ കണക്കാക്കിയിരുന്നതിെൻറ 10 മടങ്ങാണ് മരണസംഖ്യ. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1989ൽ ആയിരക്കണക്കിനു വിദ്യാർഥികളാണ് ബെയ്ജിങ്ങിലെ തെരുവിലിറങ്ങിയത്. ചത്വരത്തിൽ ആറാഴ്ച നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ 1989 ജൂൺ നാലിനു നിരായുധരായ ആയിരത്തോളം പേരെ ടാങ്കുകളുമായി ഇരച്ചുകയറിയ ചൈനീസ് സൈന്യം കൊന്നൊടുക്കി.
പൊലീസുകാരും സിവിലിയന്മാരുമുൾപ്പെടെ 200 പേർ കൊല്ലപ്പെെട്ടന്നാണ് ചൈന ഒൗദ്യോഗികമായി പുറത്തുവിട്ട കണക്ക്. അന്ന് ചൈനയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന അലൻ ഡൊണാൾഡ് പറഞ്ഞ കാര്യങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈനികനടപടി സ്വീകരിച്ചതിന് പിറ്റേന്ന് 10,000 പേർ കൊല്ലപ്പെട്ടതായി കാണിച്ച് അലൻ ഡൊണാൾഡ് ലണ്ടനിലെ അധികാരികൾക്ക് ടെലഗ്രാം ചെയ്തിരുന്നു. അടുത്ത കാലത്ത് യു.എസ് പുറത്തുവിട്ട കണക്കുമായി ചേർന്നുപോകുന്നതിനാൽ 10,000 പേർ കൊല്ലപ്പെട്ടെന്ന കണക്ക് വിശ്വസനീയമാണെന്നാണ് വിലയിരുത്തൽ.ഒരു മണിക്കൂറിനുള്ളിൽ ചത്വരം വിട്ടുപോകാൻ വിദ്യാര്‍ഥികൾക്ക് അന്ത്യശാസനം നൽകിയെങ്കിലും അതിനുപോലും അനുവദിക്കാതെ 10 മിനിറ്റിനുള്ളിൽത്തന്നെ ടാങ്കുകളുമായി സൈന്യം വിദ്യാർഥികൾക്കിടയിലേക്ക് ഇരച്ചുകയറിയെന്നാണ് വെളിപ്പെടുത്തൽ. മരിച്ചുവീണ വിദ്യാർഥികളുടെ ദേഹത്തുകൂടി ടാങ്കുകൾ തുടർച്ചയായി കയറിയിറങ്ങി. അവശിഷ്ടങ്ങൾ ബുൾഡോസർ ഉപയോഗിച്ചാണ് വാരിമാറ്റിയതെന്നും രേഖയിൽ പറയുന്നു. ഇവ കൂട്ടിയിട്ട് കത്തിച്ചശേഷം ചാരം ഓടയിലൊഴുക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ എക്കാലത്തെയും മനുഷ്യാവകാശലംഘനങ്ങളിൽ ഒന്നാമതു നിൽക്കുന്ന സംഭവമായിട്ടും സൈനിക നടപടി ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിച്ചുവെന്നാണ് െചെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. ടിയാനൻമെൻ പ്രക്ഷോഭത്തിെൻറ ഒാർമപുതുക്കി എല്ലാവർഷവും മനുഷ്യാവകാശ പ്രവർത്തകർ സംഗമിക്കാറുണ്ട്. ഇതിനെയും അടിച്ചമർത്താനാണ് ചൈനീസ് സർക്കാർ ശ്രമിക്കാറ്. മൂന്നു പതിറ്റാണ്ടോളമായ സംഭവത്തെ ആധാരമാക്കി നടക്കുന്ന ചർച്ചകൾപോലും ചൈന നിരോധിച്ചിരിക്കയാണ്. മാധ്യമങ്ങളിലും ഇൻറർനെറ്റിലും വാർത്തകൾ പ്രചരിപ്പിക്കുന്നതും വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.