മോസ്കോ: സിറിയയിൽനിന്ന് പതിനായിരക്കണക്കിന് അഭയാർഥികൾ തുർക്കിയിലേക്കു നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ റഷ്യയുമായി ചർച്ചക്കായി തുർക്കി നയതന്ത്രസംഘം മോസ്കോയിൽ. തുർക്കി വിദേശ സഹമന്ത്രി സാദാത്ത് ഒനലിെൻറ നേതൃത്വത്തിലുള്ള സംഘം റഷ്യൻ വിദേശ സഹമന്ത്രി മിഖായേൽ ബൊഗ്ദനോവും സംഘവുമായാണ് ചർച്ച നടത്തുക. റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യം നടത്തുന്ന ആക്രമണം രൂക്ഷമായതോടെ അഭയാർഥി പ്രവാഹം ശക്തമായ പശ്ചാതലത്തിലാണ് നയതന്ത്ര കൂടിക്കാഴ്ച. തുർക്കിയുമായി അതിർത്തി പങ്കിടുന്ന വടക്കൻ സിറിയയിൽ
ഏറ്റവുമൊടുവിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ സ്ത്രീയും കുട്ടിയുമടക്കം എട്ടുപേർ മരിച്ചിരുന്നു. നിലവിൽ തുർക്കിയിൽ 37 ലക്ഷം സിറിയൻ അഭയാർഥികളുണ്ട്. ലോകത്തെ ഏറ്റവും വലിയ അഭയാർഥിസമൂഹമാണിത്. പുതിയ അഭയാർഥിപ്രവാഹം കൈകാര്യം ചെയ്യാൻ തങ്ങൾക്കു കഴിയില്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഞായറാഴ്ച പറഞ്ഞിരുന്നു. സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഇദ്ലിബ് പ്രവിശ്യയിൽ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അദ്ദേഹം ആവശ്യപ്പെട്ടു.
1.20 ലക്ഷം സിറിയൻ അഭയാർഥികൾ തുർക്കി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് തുർക്കി കേന്ദ്രമായുള്ള ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ അറിയിച്ചു. അതേസമയം, പൗരന്മാർക്കുനേരെ ആക്രമണം നടക്കുന്നെന്ന വാർത്ത റഷ്യയും സിറിയയും നിഷേധിച്ചു. സിറിയൻ അഭയാർഥിപ്രശ്നത്തിനു പുറമെ ലിബിയയിൽ ട്രിപളി കേന്ദ്രമായുള്ള സർക്കാറിനു തുർക്കി പിന്തുണ നൽകുന്നതും സൈനികവിന്യാസം നടത്തുന്നതും സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയിൽ വിഷയമാകും. ചർച്ചക്കു മുന്നോടിയായി തുർക്കി വിദേശകാര്യമന്ത്രി മൗലൂദ് ജാവിശ് ഒഗ്ലു റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവുമായി ടെലിഫോൺ സംഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.