യുനൈറ്റഡ് നേഷൻസ്: വംശീയ-മതന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്ലിംകൾ താമസിക്കുന്ന രാഖൈൻ പ്രവിശ്യയിൽ നടത്തുന്ന സൈനികനടപടികൾ അവസാനിപ്പിക്കണമെന്ന് മ്യാന്മർ സർക്കാറിനോട് െഎക്യരാഷ്ട്രസഭ സുരക്ഷസമിതി. കൊലപാതകമടക്കമുള്ള സൈനികാതിക്രമങ്ങൾ ഭയന്ന് വീടുകളിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യകൾക്ക് സുരക്ഷിതമായി തിരിച്ചു വരാനുള്ള സാഹചര്യമൊരുക്കണമെന്നും 15 അംഗ സുരക്ഷസമിതി െഎകകണ്ഠ്യേന ആവശ്യപ്പെട്ടു.
മേഖലയിൽ ദുരിതാശ്വാസം നടത്തുന്ന യു.എൻ ഏജൻസികൾക്കും ഇതര സന്നദ്ധസംഘടനകൾക്കും സുരക്ഷിതമായി പ്രവർത്തിക്കാനാവശ്യമായ സാഹചര്യമൊരുക്കണമെന്നും സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ, മ്യാന്മറിനെ വിമർശിക്കുന്ന പ്രമേയം പാസാക്കുന്നതിൽനിന്ന് സമിതി വിട്ടുനിന്നു. ഇത്തരം ഒരു നീക്കത്തിന് ബ്രിട്ടനും ഫ്രാൻസിനും പദ്ധതിയുണ്ടായിരുന്നെങ്കിലും ചൈനയുടെ എതിർപ്പ് ഭയന്ന് പിന്നീട് നീക്കമുേപക്ഷിച്ചു. പിന്നീടാണ് പ്രതികരണം പ്രസ്താവനയിൽ ഒതുങ്ങിയത്.
മ്യാന്മർ ഭരണകൂടവുമായി ചൈനക്ക് അടുത്ത ബന്ധമാണുള്ളത്. റോഹിങ്ക്യകൾക്കിടയിൽ പ്രവർത്തിക്കുന്നതെന്ന് പറയുന്ന ‘അറാക്കൻ റോഹിങ്ക്യ സാൽവേഷൻ ആർമി’ (അർസ) ആഗസ്റ്റ് 25ന് മ്യാന്മർ സേനക്കെതിരെ നടത്തിയ ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് യു.എൻ പ്രസ്താവന ആരംഭിക്കുന്നത്. ക്രമസമാധാനം നിലനിർത്തിക്കൊണ്ട് സ്വന്തം ജനതയെ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം പാലിക്കാൻ മ്യാന്മർ സർക്കാർ തയാറാകണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും സർക്കാർ തയാറാകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. രാഖൈൻ പ്രവിശ്യയിൽ മ്യാന്മർ സൈന്യം നടത്തിയ അതിക്രമങ്ങളിൽ നിരവധി പേർ ക്രൂരമായി െകാല്ലപ്പെടുകയും മാനഭംഗപ്പെടുകയും നിരവധി വീടുകൾ അഗ്നിക്കിരയാകുകയും ചെയ്തിട്ടുണ്ട്. ആറു ലക്ഷത്തോളം സാധാരണക്കാരാണ് മേഖലയിൽ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവരെ പുനരധിവസിപ്പിക്കാൻ ബംഗ്ലാദേശ് ഭരണകൂടം ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.