ഷാങ്ഹായ്: സെക്യൂരിറ്റി ജീവനക്കാരൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിൽ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരൻ ബാങ്കിൽ നിന്ന് ഭീമമായ സംഖ്യ പിൻവലിച്ചു. സെക്യൂരിറ്റിയോട് ഉടക്കിയ കോടീശ്വരൻ പിൻവലിച്ച മുഴുവൻ തുകയുടെയും നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി നൽകാനും ആവശ്യപ്പെട്ടു.
ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിൽ 'സൺവെയർ' എന്നറിയപ്പെടുന്ന കോടീശ്വരൻ ബാങ്ക് ഓഫ് ഷാങ്ഹായ്യുടെ ബ്രാഞ്ചിൽ നിന്നാണ് അഞ്ച് ദശലക്ഷം യുവാൻ (5.8 കോടി രൂപ) പിൻവലിച്ചത്. ഒരാൾക്ക് പിൻവലിക്കാവുന്ന പരമാവധി തുകയാണിത്.
തന്‍റെ മുഴുവൻ സമ്പാദ്യവും പിൻവലിക്കുന്നത് വരെ എല്ലാ ദിവസവും ബാങ്കിൽ പോകുമെന്നും ജീവനക്കാരെ കൊണ്ട് നോട്ട് എണ്ണിക്കുമെന്നും ശപഥം ചെയ്തിരിക്കുകയാണ് കക്ഷി. ബാങ്ക് ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. എന്നാൽ കാര്യമെന്തണെന്ന് വിശദീകരിക്കുന്നുമില്ല. ജീവനക്കാരുടെ പെരുമാറ്റം കാരണം പണം മുഴുവൻ പിൻവലിച്ച് മറ്റ് ബാങ്കുകളിൽ നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി.
രണ്ട് ബാങ്ക് ജീവനക്കാർ മണിക്കൂറുകളെടുത്താണ് നോട്ട് എണ്ണിത്തീർത്തത്. കഥാനായകൻ നോട്ടുകൾ സ്യൂട്ട്കേസിലേക്ക് മാറ്റുകയും അവ കാറിലേക്ക് മാറ്റുകയും ചെയ്യുന്ന ചിത്രങ്ങൾ വൈറലായി.
ജീവനക്കാർ ചട്ടങ്ങൾ ഒന്നും തന്നെ തെറ്റിച്ചിട്ടില്ലെന്നും മാസ്ക് ധരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടെതന്നും ബാങ്ക് പ്രതികരിച്ചു. എന്നാൽ ബാക്കി പണം പിൻവലിക്കാൻ കോടീശ്വരൻ ബാങ്കിൽ എത്തിയോ എന്ന കാര്യത്തിൽ തീർച്ചയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.