ഡമസ്കസ്: സമാധാനപരമായ സഹവർത്തിത്വവും ന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും സുരക്ഷയും പുതിയ ഭരണകൂടത്തിന്റെ നയമാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. അയൽരാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് പ്രവർത്തിക്കും. നീതിയുടെയും സമത്വത്തിന്റെയും അടിത്തറയിൽ രാഷ്ട്രത്തെ പുനർനിർമിക്കുന്നതിലാണ് ശ്രദ്ധയെന്ന് കമാൻഡ് ഓഫ് മിലിട്ടറി ഓപറേഷൻസ് പ്രസ്താവനയിൽ പറഞ്ഞു. യു.എൻ ഓഫിസുകൾ ഉൾപ്പെടെ രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര, മാനുഷിക സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും തുടർച്ചക്കും സിറിയയുടെ പുതിയ നേതൃത്വം ഊന്നൽ നൽകി. സിറിയക്കാരായ ദശലക്ഷക്കണക്കിന് അഭയാർഥികളെ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്തു. ദുർബലരായ ജനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾ പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രിസ്ത്യൻ പ്രദേശമായ വാദി അൽ നസറക്കുള്ള സന്ദേശത്തിൽ രാഷ്ട്രീയകാര്യ വകുപ്പ് വ്യക്തമാക്കി.
ദേശീയ ഘടനയുടെ അവിഭാജ്യ ഘടകമാണ് രാജ്യത്തെ ക്രിസ്ത്യാനികൾ. എല്ലാ പൗരന്മാരെയും ചേർത്തുനിർത്താൻ തങ്ങൾ പ്രതിജ്ഞബദ്ധമാണ്. ഇരുണ്ട അധ്യായം അവസാനിപ്പിച്ച് സിറിയയുടെ ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വിപ്ലവ നേതാക്കൾ പറഞ്ഞു.
ബശ്ശാറുൽ അസദിന് സൈനികമായും രാഷ്ട്രീയമായും പിന്തുണ നൽകിയ റഷ്യ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കു നേരെയും മുൻവിധികളില്ലാതെ ഇടപെടാൻ പുതുനേതൃത്വം സന്നദ്ധത അറിയിച്ചു. പരസ്പര ബഹുമാനത്തിലും പൊതുതാൽപര്യത്തിലും അധിഷ്ഠിതമായ നയതന്ത്ര ബന്ധം എല്ലാവരോടും തുടരാനാണ് താൽപര്യമെന്ന് രാഷ്ട്രീയകാര്യ വകുപ്പ് അറിയിച്ചു. വിനയത്തോടും കരുതലോടുംകൂടി പ്രവർത്തിക്കാൻ പോരാളികളോട് വിപ്ലവനേതാവ് അബൂ മുഹമ്മദ് അൽജൗലാനി ആഹ്വാനം ചെയ്തു. “പോരാളികൾ ജനങ്ങളോട് സൗമ്യമായി പെരുമാറുക, അവരോട് ദയയും ബഹുമാനവും കാണിക്കുക. പൊതു സ്ഥാപനങ്ങൾ സംരക്ഷിക്കുക, കാരണം അവ മഹത്തായ സിറിയൻ ജനതയുടേതാണ്. തടവുകാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തണം. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയ സിറിയയിൽ ഓരോ സിറിയക്കാരനും ബഹുമാനിക്കപ്പെടും’’ -അൽജൗലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.