ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ഉത്തരവിട്ടതായി റിപ്പോർട്ട്

തെഹ്‌റാൻ: ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഹനിയ്യ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ഉത്തരവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.

മൂന്ന് ഉദ്യോഗസ്ഥരിൽ രണ്ട് പേർ ഇറാൻ ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിലെ (ഐ.ആർ.ജി.സി) അംഗങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്‌റാനിൽ എത്തിയതായിരുന്നു ഹനിയ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്സിലെ ഒരു പോസ്റ്റിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇറാൻ അതിന്റെ അന്തസ്സ്, ബഹുമാനം, അഭിമാനം എന്നിവ സംരക്ഷിക്കുമെന്നും ഇസ്രായേലിന്റെത് ഭീരുത്വം നിറഞ്ഞ നീക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 

Tags:    
News Summary - Assassination of Ismail Haniya; Reportedly, Iran's Supreme Leader has ordered a direct attack on Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.