സാവോപോളോ: ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ ആസ്ട്രസെനക കോവിഡ് വാക്സിൻ പരീക്ഷിച്ച വളണ്ടിയർ മരിച്ചതായി ബ്രസീലിയൻ ഹെൽത്ത് അതോറിറ്റി അൻവിസ. വാക്സിൻ പരീക്ഷണത്തിലെ സുരക്ഷ പരിശോധിക്കുന്ന രാജ്യാന്തര സമിതിക്ക് മുമ്പാകെ തിങ്കളാഴ്ചയാണ് അൻവിസ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ വാക്സിൻ പരീക്ഷണം തുടരാമെന്നാണ് സമിതി അറിയിച്ചതെന്നും അൻവിസ പ്രസ്താവനയിൽ അറിയിച്ചു.
മരിച്ച വളണ്ടിയർക്ക് കമ്പനിയുടെ വാക്സിൻ ഡോസ് നൽകിയിട്ടില്ലെന്നാണ് ആസ്ട്രസെനകയുടെ പ്രതികരണം. ക്ലിനിക്കൽ ട്രയൽ നിയമങ്ങളും പരീക്ഷണത്തിലെ രഹസ്യസ്വഭാവും സംരക്ഷിക്കേണ്ടതിനാൽ വ്യക്തികളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്നും വളണ്ടിയർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആസ്ട്രസെനക അറിയിച്ചു.
ബ്രസീലിൽ ആസ്ട്രസെനകയുടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണത്തിന് ഏകോപിപ്പിക്കുന്നത് സാവാപോളോ ഫെഡറൽ യൂനിവേഴ്സിറ്റിയാണ്.
ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണം യു.എസിലും യു.കെയിലും സൗത്ത് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും നടക്കുന്നുണ്ട്. നേരത്തെ വാക്സിൻ പരീക്ഷിച്ച വ്യക്തിക്ക് അപൂർവ രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ഉൾപ്പെടെ ട്രയൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.