പാരിസ്: കോവിഡ് -19 വാക്സിൻ വിതരണം തടസ്സപ്പെട്ടതു സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായി ചർച്ചക്ക് തയാറെന്ന് ബ്രിട്ടീഷ്-സ്വീഡിഷ് മരുന്നുകമ്പനിയായ ആസ്ട്രസെനിക. ചർച്ചയിൽ നിന്ന് കമ്പനി പിൻമാറിയതായി യൂറോപ്യൻ യൂനിയൻ അറിയിച്ചതിനു പിന്നാലെയാണിത്.
ഓർഡർ ചെയ്ത വാക്സിൻ സമയത്ത് ലഭിക്കാത്തത് മൂലം യൂറോപ്യൻ യൂനിയൻ കമ്പനി അധികൃതരുമായി അനിഷ്ടം അറിയിച്ചിരുന്നു. വാക്സിൻ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കടുത്ത നടപടികൾക്ക് മുതിരുമെന്നും യൂറോപ്യൻ യൂനിയൻ ഭീഷണി മുഴക്കി. കമ്പനി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു യൂറോപ്യൻ ആരോഗ്യ കമ്മീഷണർ സ്റ്റെല്ല കിര്യാകിദസിെൻറ പ്രതികരണം. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കമ്പനി വാക്സിൻ വികസിപ്പിച്ചത്.
യു.എസിലെ ഫൈസർ കമ്പനി വാക്സിൻ നൽകുന്നത് വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ആസ്ട്രസെനികയുടെ തീരുമാനം. ഇത് യൂറോപ്യൻ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധത്തെ ബാധിച്ചു. യൂറോപ്യൻ യൂനിയന് 40 കോടി വാക്സിൻ ഡോസ് നൽകാനാണ് കഴിഞ്ഞ വർഷം കമ്പനി ധാരണയായത്. അതിനിടെ, സംശയകരമായ സാഹചര്യത്തിൽ ബ്രിട്ടനിലെ മരുന്ന് നിർമാണകമ്പനിയിൽ പൊതി കണ്ടെത്തിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.