ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പടെ 45 പേർ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്. ഇസ്താംബളിൽ നിന്ന് മാസിഡോണിയയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്.

കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. തീ പിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഹൈവേ ബാരിയറിൽ ഇടിച്ചതായി ബൾഗേറിയൻ അധികൃതർ പറഞ്ഞു.

ദുരന്തമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും താന്‍ മുന്‍പ് ഇത്തരത്തിലൊരു ഭീകര കാഴ്ച കണ്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ബോയ്കോ റാഷ്കോവ് പറഞ്ഞു. ഒരു നോർത്ത് മാസിഡോണിയൻ ട്രാവൽ ഏജൻസിയിൽ നിന്നുള്ള നാല് ബസുകൾ തുർക്കിയിൽ നിന്ന് തിങ്കളാഴ്ച വൈകി ബൾഗേറിയയിലേക്ക് പ്രവേശിച്ചതായി ബൾഗേറിയൻ അന്വേഷണ സേവന മേധാവി ബോറിസ്ലാവ് സരഫോവ് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയോ സാങ്കേതിക പ്രശ്നമോ ആയിരിക്കാം അപകടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - At least 45 people killed in bus accident in Bulgaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.