നേപ്പാളിൽ വൻ ഭൂചലനം; 128 മരണം, ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിൽ വെള്ളിയാഴ്ച അർധരാത്രിയുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചു.  100ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ജാജർകോട്ട് ജില്ലയിലെ ലാമിഡാൻഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം ജാജർകോട്ട് ജില്ലയിൽ 34 പേരും സമീപ ജില്ലയായ റുകും വെസ്റ്റിൽ 35 പേരും ഭൂചലനത്തിൽ മരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് സെക്യൂരിറ്റി ഏജൻസികളെ വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ അറിയിച്ചു. സമീപ ജില്ലകളിൽ നിന്ന് കെട്ടിടങ്ങൾ തകർന്നതിന്റെയും ആളുകൾക്ക് പരി​ക്കേറ്റതിന്റെയും വാർത്തകൾ വരുന്നുണ്ടെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഡെയിലേഖ്, സല്യാൺ, റോൽപ ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. നിലവിൽ പരിക്കേറ്റവരെ ജാജർകോട്ട് ജില്ലാ ആശുപത്രിയി​ലാണ് ചികിത്സിക്കുന്നത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും 500 കിലോമീറ്റർ അകലെയാണ് ജാജർകോട്ട് സ്ഥിതി ചെയ്യുന്നത്.

ഒക്ടോബർ മൂന്നിനും നേപ്പാളിൽ ഭൂചലനമുണ്ടായിരുന്നു. 6.2 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. 2022 നവംബറിൽ ഉണ്ടായ ഭൂചലനത്തിൽ ആറ് പേരാണ് മരിച്ചത്. അന്ന് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. 2015ൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന്​ നേപ്പാളിൽ എട്ടായിരത്തിലേറെ പേർ മരിച്ചിരുന്നു.

അതേസമയം, വെള്ളിയാഴ്ച നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

Tags:    
News Summary - At least 69 dead in Nepal after 6.4 magnitude earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.