ജുബ: അജ്ഞാത രോഗംബാധിച്ച് 89 പേർ മരിച്ച ദക്ഷിണ സുഡാനിൽ അന്വേഷണവുമായി ലോകാരോഗ്യസംഘടന. രാജ്യത്ത് സ്ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗംബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച് പ്രത്യേക പഠനം നടത്തുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്.
ഫാൻഗാക്ക് നഗരത്തിലാണ് ആദ്യമായി രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് സുഡാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ ശാസ്ത്രജ്ഞർക്ക് രോഗംസംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ് സൂചന. തുടർന്നാണ് ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടനയുടെ സഹായം തേടിയത്.
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട നഗരത്തിൽ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോൾ കോളറയാണെന്ന സംശയത്തിൽ ശേഖരിച്ച സാമ്പിളുകൾ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക് എത്താൻ സാധിച്ചിട്ടുണ്ടെന്ന് ഡബ്യു.എച്ച്.ഒ വക്താവ് ഷെലിയ ബായ പറഞ്ഞു.
സാമ്പിളുകൾ ശേഖരിച്ച് ഉടൻ അവിടെ നിന്ന് സുഡാൻ തലസ്ഥാനത്തേക്ക് മടങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കനത്ത വെള്ളപ്പൊക്കം രോഗം പകരുന്നതിന്‍റെ തോത് ഉയർത്തിയിട്ടുണ്ടെന്ന് മന്ത്രി ലാം തുങ്വാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.