ജറൂസലം: കിഴക്കൻ ജറുസലേമിലെ ജൂത സിനഗോഗിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പൊലീസ്. ഫലസ്തീനിൽനിന്ന് 1967ൽ ഇസ്രായേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലം നഗരത്തിൽ പ്രാദേശിക സമയം രാത്രി 8.15ഓടെയായിരുന്നു ആക്രമണം. വ്യാഴാഴ്ച ഇസ്രായേൽ അധിനിവേശ സേന വൃദ്ധയടക്കം ഒമ്പത് ഫലസ്തീനികളെ കൊലപ്പെടുത്തി മണിക്കൂറുകൾ പിന്നിടുന്നതിനിടെയാണ് ഇസ്രായേലിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.
കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 21 കാരനാണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമിയെ സൈന്യം കൊലപ്പെടുത്തി. തനിച്ചെത്തിയ തോക്കുധാരി തുരുതുരെ വെടിവെക്കുകയായിരുന്നു. ‘‘സിനഗോഗിന്റെ മുന്നിലേക്ക് ഒരു കാർ വന്നുനിൽക്കുകയും ഇതിൽ നിന്ന് ഇറങ്ങിവന്ന തോക്കുധാരി തുരുതുരാ വെടിയുതിർക്കുകയുമായിരുന്നു.’’ -ഈസ്റ്റ് ജറൂസലമിൽ നിന്ന് അൽജസീറയുടെ ജയിംസ് ബെയ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും മോശമായ ഭീകരാക്രമണങ്ങളിലൊന്നാണ് നടന്നതെന്ന് ഇസ്രായേൽ പൊലീസ് മേധാവി യാക്കോവ് ഷബ്തായ് പറഞ്ഞു. വെടിയേറ്റവരിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇസ്രായേൽ എമർജൻസി റെസ്ക്യൂ സർവീസ് മേധാവി മാഗൻ ഡേവിഡ് അഡോം അറിയിച്ചു. പരിക്കേറ്റവരിൽ 15 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെട്ടതായി മാഗൻ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ പരക്കെ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അൽ മഗാസി അഭയാർഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂൻ, വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ ഭാഗങ്ങളിലായി ഒമ്പത് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രായേലിന് നേരെ രണ്ട് റോക്കറ്റുകൾ വന്നതിനെ തുടർന്നാണ് ഗസ്സയിൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.
വ്യാഴാഴ്ചയാണ് ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി നടത്തിയത്. വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റിരുന്നു. കൂട്ടക്കൊലക്കു ശേഷം ജെനിനിൽനിന്ന് പിൻവാങ്ങിയ ഇസ്രായേൽ സൈന്യം, സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചുവരുകയാണെന്ന് പറഞ്ഞു. വെടിയേറ്റവരെ കൊണ്ടു പോയ ആംബുലൻസ് യുദ്ധടാങ്ക് ഉപയോഗിച്ച് തടഞ്ഞതായി ഫലസ്തീൻ അധികൃതർ ആരോപിച്ചു. ജെനിനിൽ വെടിയേറ്റുവീണ വ്യക്തിയെ രക്ഷിക്കാൻ ആംബുലൻസുമായി പോകവെ ഇസ്രായേൽ സൈന്യം ആംബുലൻസിന് നേരെ വെടിയുതിർത്തതായി ജെനിൻ പബ്ലിക് ഹോസ്പിറ്റൽ മേധാവി വിസാം ബേക്കർ അൽജസീറയോട് പറഞ്ഞു.
ഫലസ്തീനിൽ 2006നു ശേഷം രക്തരൂഷിതമായ വർഷമായിരുന്നു 2022. വെസ്റ്റ് ബാങ്കിൽ തുടർച്ചയായി ഇസ്രായേൽ സൈന്യം നടത്തുന്ന റെയ്ഡും ഫലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിന്തുണയോടെ ബിന്യമിൻ നെതന്യാഹു ഇസ്രായേലിൽ വീണ്ടും അധികാരത്തിലെത്തിയത് മേഖലയിൽ സംഘർഷം വർധിക്കാൻ വഴിയൊരുക്കുമെന്ന് വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.