ഇർബിൽ (ഇറാഖ്): ഇറാഖിലെയും സിറിയയിലെയും കുർദ്, ഐ.എസ് സ്വാധീനമേഖല ലക്ഷ്യമിട്ട് ഇറാന്റെയും തുർക്കിയയുടെയും വ്യോമാക്രമണം. തിങ്കളാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ ഇർബിലിലെ ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടു. നാലുപേർ കൊല്ലപ്പെട്ടതായും ആറുപേർക്ക് പരിക്കേറ്റതായും കുർദിഷ് സർക്കാറിന്റെ സുരക്ഷ കൗൺസിൽ അറിയിച്ചു. ഇർബിലിലെ യു.എസ് കോൺസുലേറ്റിനുസമീപം 10 മിസൈലുകളാണ് പതിച്ചത്. 23 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് തുർക്കിയ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. മൊസാദ് ആസ്ഥാനം തകർത്തുവെന്ന ഇറാൻ റവലൂഷനറി ഗാർഡ്സിന്റെ അവകാശവാദത്തോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
ഇർബിലിലെ വ്യാപാരപ്രമുഖൻ പെശ്റോ ദിസായിയും കുടുംബവും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാഖ് പാർലമെന്റ് മുൻ അംഗം മശ്അൻ അൽ ജബൂരി അറിയിച്ചു. ദിസായിയുടെ വീട്ടുമുറ്റത്താണ് മിസൈലുകളിലൊന്ന് പതിച്ചത്. ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിലും അമേരിക്കൻ പിന്തുണയിലും പ്രതിഷേധിച്ച് ഒക്ടോബർ ഏഴിനുശേഷം ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനികതാവളങ്ങൾക്കുനേരെ നിരന്തരം മിസൈൽ ആക്രമണം നടന്നിരുന്നു. എന്നാൽ, ഇത്രയും വലിയ ആക്രമണം ഇതാദ്യമാണ്.
2020ൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ റവലൂഷനറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയുടെ ഖബറിടത്തിനരികിൽ കഴിഞ്ഞമാസം നടന്ന ചാവേർ ആക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇറാൻ ആക്രമണം. ഇറാനിലെ മറ്റൊരു മുതിർന്ന സൈനിക ജനറൽ റാസി മൂസവിയെ കഴിഞ്ഞമാസം ഇസ്രായേൽ ഡമസ്കസിൽ കൊലപ്പെടുത്തിയതിന്റെ തിരിച്ചടികൂടിയാണ് ആക്രമണമെന്ന് കരുതുന്നു.
വടക്കൻ ഇറാഖിൽ കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പതു സൈനികർ കൊല്ലപ്പെട്ടതാണ് തുർക്കിയയുടെ ഇറാഖ്, സിറിയ ആക്രമണത്തിന്റെ പ്രകോപനം. കഴിഞ്ഞയാഴ്ചയും കുർദ് സ്വാധീന മേഖലയിൽ തുർക്കിയ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തെ അപലപിച്ച് ഇറാഖും അമേരിക്കയും ഫ്രാൻസും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.