ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ആക്രമണം

ദുബൈ: ചെങ്കടൽ കടന്നുപോകുന്നതിനിടെ ചരക്കുകപ്പലിനു നേരെ ഹൂതി ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ കപ്പലിന്റെ നിയന്ത്രണം നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. യമൻ തുറമുഖമായ ഹുദൈദയിൽനിന്ന് 140 കിലോമീറ്റർ അകലെ ചെറു ബോട്ടുകളിലെത്തിയവരാണ് ആദ്യം ആക്രമണം നടത്തിയത്. പിറകെ കപ്പലിനകത്ത് സ്ഫോടനവുമുണ്ടായി. ഡ്രോണുകളാണോ മിസൈലുകളാണോ പതിച്ചതെന്ന് വ്യക്തമല്ല.

വൈദ്യുതി നഷ്ടമായ കപ്പലിൽ ആളപായം അറിവായിട്ടില്ല. ഗസ്സയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേൽ ബന്ധമുള്ള 80ഓളം കപ്പലുകൾ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് പിടിച്ചെടുക്കുകയും രണ്ടെണ്ണം മുക്കുകയും ചെയ്തു. നാലു നാവികർ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടു. ചെങ്കടലിൽ യു.എസ് മേൽനോട്ടത്തിൽ സഖ്യസേന കാവലുണ്ടെങ്കിലും ഇപ്പോഴും ആക്രമണം തുടരുന്നത് ഇതുവഴിയുള്ള ചരക്കുകടത്തിനെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് ലൈബീരിയൻ പതാക വഹിച്ച എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടിരുന്നു.

പശ്ചിമേഷ്യയിൽ ഇസ്രായേലിന് സുരക്ഷയൊരുക്കാനെന്ന പേരിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകളായ യു.എസ്.എസ് അബ്രഹാം ലിങ്കൺ, യു.എസ്.എസ് ജോർജിയ എന്നിവ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. യു.എസ്.എസ് തിയോഡർ റൂസ് വെൽറ്റ് ഒമാൻ കടലിലും യു.എസ്.എസ് വാസ്പ് മെഡിറ്ററേനിയൻ കടലിലും നിലയുറപ്പിച്ചിട്ടുണ്ട്.

ജൂലാൻ കുന്നുകളിൽ ഹിസ്ബുല്ല ആക്രമണം

ബൈറൂത്: ഇസ്രായേൽ നിയന്ത്രണത്തിലുള്ള ജൂലാൻ കുന്നുകളിൽ ഹിസ്ബുല്ലയുടെ വൻ ആക്രമണം. 50ലേറെ റോക്കറ്റുകൾ തൊടുത്തതിൽ ചിലത് കെട്ടിടങ്ങൾക്ക് മേൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ചൊവ്വാഴ്ച ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല വൃത്തങ്ങൾ പറഞ്ഞു. അതിനിടെ, ലബനാനിലെ സിദോനിൽ നടത്തിയ ആക്രമണത്തിൽ ഒരു ഫത്ഹ് നേതാവിനെ ഇസ്രായേൽ വധിച്ചു. ആദ്യമായാണ് ഇസ്രായേൽ ഫത്ഹ് നേതൃത്വത്തെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Attack on cargo ship in Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.