എവിടെയുമെത്താതെ വെടിനിർത്തൽ ചർച്ച; ബ്ലിങ്കൻ മടങ്ങി; ഗസ്സയിൽ വേട്ട നിർത്താതെ ഇസ്രായേൽ

ഗസ്സ സിറ്റി: പുതിയ ഉപാധികൾവെച്ച് വെടിനിർത്തൽ ചർച്ചകൾ നിരന്തരം അട്ടിമറിക്കുന്നതിനിടെ ഗസ്സയെ മരണമുനമ്പാക്കുന്നത് തുടർന്ന് ഇസ്രായേൽ. ഗസ്സയുടെ തെക്ക്, വടക്കൻ മേഖലകൾ മാത്രമല്ല, മധ്യമേഖലയിലും നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റു. മധ്യഗസ്സയിലെ ദെയ്ർ അൽബലഹിൽ കൂടുതൽ മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ, വെടിനിർത്തൽ ചർച്ചകൾ എവിടെയുമെത്താതെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി. വെടിനിർത്തൽ കരാർ ഇസ്രായേൽ അംഗീകരിച്ചിട്ടും ഹമാസ് വഴങ്ങുന്നില്ലെന്നാണ് ബ്ലിങ്കന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, ജൂലൈ രണ്ടിന് ബൈഡൻ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചുള്ള കരാറിന് മാത്രമേ തങ്ങളുള്ളൂവെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെച്ച് വെടിനിർത്തൽ നടപ്പാകുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും ഹമാസ് പ്രതികരിച്ചു. മൂന്നുഘട്ടത്തിലായി വെടിനിർത്തലും ഗസ്സയിൽനിന്ന് പൂർണ സൈനിക പിൻമാറ്റവും നടത്തുന്നതിന് പകരം എല്ലാ ബന്ദികളെയും നിരവധി ഫലസ്തീനി തടവുകാരെയും വിട്ടയക്കുന്നതാണ് ബൈഡൻ മുന്നോട്ടുവെച്ച കരാർ.

എന്നാൽ, ആറാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ മാത്രമാണ് നെതന്യാഹു അംഗീകരിക്കുന്നത്. പകരം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണം. ഗസ്സയിൽ, വിശിഷ്യ ഈജിപ്ത് അതിർത്തിയിലും തെക്കുവടക്കൻ ഗസ്സകൾക്കിടയിലെ നെറ്റ്സാറിം ഇടനാഴിയിലും സൈനിക സാന്നിധ്യം തുടരുകയും ചെയ്യും. ഇതത്രയും അംഗീകരിച്ച് ഹമാസ് വെടിനിർത്തലിന് തയാറാകണമെന്ന ആവശ്യം പക്ഷേ, അംഗീകരിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. വടക്കൻ ഗസ്സയിലേക്ക് മടങ്ങിപ്പോകാൻ ഫലസ്തീനികൾക്ക് അനുമതി നൽകില്ലെന്ന നിലപാടും ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയിലെ ഇസ്രായേൽ സൈനിക നിയന്ത്രണവും കീറാമുട്ടികളായി തുടരുകയാണ്.

ഇത്തവണ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് നേരിട്ട് പങ്കെടുക്കുന്നില്ലെന്ന വ്യത്യാസവുമുണ്ട്. ഇതുവരെയും ഹമാസിന്റെ പ്രതിനിധിയായിരുന്ന ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഒക്ടോബർ ഏഴിന് 240 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതിൽ 100 പേരെ നേരത്തേ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. 10 മാസത്തിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 56 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചവരെ കണ്ടെത്താൻ ഇനിയും ഇസ്രായേലിനായിട്ടില്ല.

ഇവരെ തിരിച്ചെത്തിക്കാനെന്ന പേരിൽ ഗസ്സയിൽ തുടരുന്ന വംശഹത്യയിൽ ഇതുവരെ 40224 പേർ ഔദ്യോഗിക കണക്കുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ പുറത്തെടുക്കാനാകാതെ 10,000ലേറെ പേരും ഒരു ലക്ഷത്തോളം പരിക്കേറ്റവരും വേറെ.

Tags:    
News Summary - Blinken ends latest Mideast visit without a cease-fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.