ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് പുറപ്പെട്ടു. 45 വർഷത്തിനിടെ ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമായി.
“വാഴ്സോയിലേക്ക് പുറപ്പെടുന്നു. പോളണ്ടുമായുള്ള നമ്മുടെ നയതന്ത്രബന്ധം 70 വർഷം പൂർത്തിയാകുന്ന പ്രത്യേക വേളയിലാണ് സന്ദർശനം. പോളണ്ടുമായുള്ള ദീർഘകാല ബന്ധത്തിൽ ഇന്ത്യ സന്തോഷിക്കുന്നു. ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ബന്ധമാണത്. പോളണ്ട് പ്രസിഡന്‍റ് ആൻഡർസെജ് ദുദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വാഴ്സോയിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും” -മോദി എക്സിൽ കുറിച്ചു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. തന്ത്രപ്രധാന സഹകരണം, പ്രതിരോധ സഹകരണം, സാംസ്കാരിക വിനിമയം എന്നീ വിഷയങ്ങളിലാവും ചർച്ച. സന്ദർശനത്തെ ‘സുപ്രധാന’മെന്നാണ് യൂറോപ്യൻ പാർലമെന്‍റംഗം ദാരിയസ് ജോൺസ്കി വിശേഷിപ്പിച്ചത്. പോളണ്ട് സന്ദർശനം പൂർത്തിയാക്കി, 23ന് മോദി യുക്രേനിയൻ തലസ്ഥാനമായ കീവിൽ പ്രസിഡന്‍റ് വ്ളാദിമിർ സെലസ്കിയുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.