ഡമസ്കസ്: റിയയിൽ നീണ്ട 50 വർഷത്തിനിടെ സാധ്യമാകാത്തതാണ് രണ്ടു ദിവസത്തിനിടെ ഇസ്രായേൽ പൂർത്തിയാക്കിയത്. 480 വ്യോമാക്രമണങ്ങളിലായി കര, നാവിക, വ്യോമസേനകളും ആയുധശേഷിയും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ടു. അധിനിവിഷ്ട ഗോലാൻ കുന്നുകൾക്കപ്പുറത്തെ ബഫർ സോണും കടന്ന് സിറിയക്കുള്ളിൽ ഇസ്രായേൽ കരസേനാ സാന്നിധ്യമെത്തി. ആയുധമുക്ത സിറിയയെന്ന ലക്ഷ്യം അങ്ങനെ ഒട്ടും എതിർപ്പില്ലാതെ എളുപ്പത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.
ഹമാസ്, ഹിസ്ബുല്ല, ഇറാൻ എന്നിവക്കു മേൽ ഏൽപിച്ച മാരക അടികളുടെ നേരിട്ടുള്ള ഫലമാണ് സിറിയയിൽ അസദിന്റെ വീഴ്ചയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറയുന്നു. ‘ഈ അച്ചുതണ്ട് അപ്രത്യക്ഷമായിട്ടില്ല. എന്നാൽ, ഞാൻ വാഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം ഞങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്’’- നെതന്യാഹുവിന്റെ വാക്കുകൾ.
ഇസ്രായേൽ വ്യോമസേന നടത്തിയ 480 ആക്രമണങ്ങളിൽ 350ഉം പൈലറ്റുമാർ പറത്തിയ ബോംബറുകൾ നേരിട്ടായിരുന്നു. സ്കഡ്- ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ എന്നിവക്ക് പുറമെ ഡമസ്കസ്, ഹിംസ്, തർതൂസ്, ലടാകിയ, പാൽമിറ എന്നിവിടങ്ങളിലെ ആയുധ നിർമാണ കേന്ദ്രങ്ങൾ, മറ്റിടങ്ങളിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ, സൈനിക സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിങ്ങനെ ഓരോന്നും തിരഞ്ഞുപിടിച്ച് ചാരമാക്കപ്പെട്ടു. ലടാകിയ, അൽബൈദ നാവികസേനാ തുറമുഖങ്ങളിലെ 15 യുദ്ധക്കപ്പലുകൾ തകർക്കപ്പെട്ടു. ഡമസ്കസിനു സമീപം മെസ്സ വ്യോമതാവളത്തിൽ നിർത്തിയിട്ട സൈനിക കോപ്ടറുകൾ അഗ്നിവിഴുങ്ങി.
ഇതിനു പുറമെയാണ് ബഫർസോൺ പിന്നിട്ട് ബഹുദൂരം സഞ്ചരിച്ച് ഹെർമോൺ മലക്കപ്പുറത്ത് ബിഖാസിമിൽ ഇസ്രായേൽ സൈന്യമെത്തിയത്. 1974ൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിൽവന്ന ബഫർ സോൺ ഇല്ലാതായെന്ന് മാത്രമല്ല, സിറിയയിൽ കുറെ പ്രദേശങ്ങൾ വരുതിയിൽ നിർത്താനും അതുവഴിയായി. തെക്കൻ ലബനാനിൽ കഴിഞ്ഞ സെപ്റ്റംബർ അവസാനത്തിനുശേഷം നടന്നതിന് സമാനമായിരുന്നു ഇവിടെയും കരസേനാനീക്കം. ചില കേന്ദ്രങ്ങളിൽ താൽക്കാലികമായി സൈനിക വിന്യാസം നടന്നെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ സ്ഥിരീകരിക്കുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഡമസ്കസ് നഗരത്തിലുടനീളം ബോംബുകൾ പതിക്കുന്ന ശബ്ദത്താൽ മുഖരിതമായിരുന്നു. പതിറ്റാണ്ടുകൾക്കിടെ തലസ്ഥാന നഗരം ഇത്ര ഭീകരമായി ആക്രമിക്കപ്പെട്ടില്ലെന്ന് ‘വോയ്സ് ഓഫ് ദി ക്യാപിറ്റൽ’ എന്ന സന്നദ്ധ സംഘടന പറയുന്നു. ഇതൊക്കെയാകുമ്പോഴും സിറിയയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന വിഷയമേയില്ലെന്നും നെതന്യാഹുവിന്റെ വാക്കുകൾ. ‘‘സിറിയൻ സേന വിട്ടേച്ചുപോയ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും സംവിധാനങ്ങളും ബോംബിടാൻ ഞാൻ അധികാരം നൽകി’’- എന്ന് പറയുന്നതും നെതന്യാഹു.
സിറിയ ഇപ്പോൾ നിയന്ത്രിക്കുന്നത് ആരൊക്കെ?
ബശ്ശാറുൽ അസദിന്റെ പതനത്തിനുശേഷം സിറിയ വിവിധ സൈനിക വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. വടക്കൻ സിറിയയിൽ, തുർക്കിയയുടെ പിന്തുണയോടെ വിമത സൈന്യം പ്രവർത്തിക്കുന്നുണ്ട്. റഖ, അൽ ഹസക, ദൈറുസ്സൂർ എന്നീ പ്രവിശ്യകളിൽ വലിയൊരു ഭാഗവും കുർദ് അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്.
ഈ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ഐ.എസും പ്രവർത്തിക്കുന്നുണ്ട്. അലപ്പോ, ഇദ്ലിബ്, ഹമാ, ഹിംസ്, ഡമസ്കസ്, ദർആ എന്നീ മേഖലകളാണ് ഹൈഅത് തഹ്റീർ അശ്ശാം (എച്ച്.ടി.എസ്) സൈനിക മുന്നേറ്റത്തിലൂടെ അസദ് സേനയിൽനിന്ന് പിടിച്ചെടുത്തിരിക്കുന്നത്. സിറിയയുടെ 60 ശതമാനം വരുമിത്.
ലബനാനുമായി അതിർത്തി പങ്കിടുന്ന ത്വർത്വൂസ് പ്രവിശ്യയുടെ ചെറിയ ഭാഗം ഇപ്പോഴും ബശ്ശാർ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇതിനിടയിൽ, ഗോലാൻ കുന്നുകൾ വഴി ഇസ്രായേൽ സൈന്യവും ഡമസ്കസിലേക്ക് പ്രവേശിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.