ബാങ്കോക്: മ്യാൻമർ മുൻ നേതാവ് ആങ് സാൻ സൂചിയെ അഴിമതിക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായി മ്യാൻമർ കോടതി. ബുധനാഴ്ച പരിഗണിച്ച കേസിൽ സൂചിക്ക് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
രാഷ്ട്രീയ സഹപ്രവർത്തകനിൽ നിന്നും സ്വർണവും ലക്ഷങ്ങളോളം ഡോളറും കൈക്കൂലുയായ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. എന്നാൽ ആരോപണം സൂചി നിഷേധിച്ചിരുന്നു. കൈക്കൂലി വാങ്ങുന്നതിന് മ്യാൻമറിൽ 15 വർഷം തടവും പിഴയുമാണ് ശിക്ഷ. സൂചിക്കെതിരെയുള്ള കേസ് നീതിക്കെതിരാണെന്നും 76കാരിയായ സൂചിയെ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കാനുള്ള ഗൂഢ നീക്കത്തിന്‍റെ ഭാഗമാണെന്നും സൂചിയുടെ അനുയായികളും സ്വതന്ത്ര അഭിഭാഷകരും പറഞ്ഞു. മറ്റൊരു കേസിൽ സൂചിക്ക് ആറ് വർഷം തടവ് കോടതി നേരത്തെ വിധിച്ചിരുന്നു.
നിയമ ഉദ്യോഗസ്ഥനിൽ നിന്നാണ് കോടതി വിധി സംബന്ധിച്ച വിവരഹ്ങൽ പുറത്തെത്തുന്നത്. വിവരങ്ങൾ പുറത്തുവിടാൻ അധികാരമില്ലെന്നും, അതിനാൽ തന്‍റെ പേര് വെളിപ്പെടുത്തരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മ്യാൻമറിന്‍റെ തലസ്ഥാനമായ നയ്പ്യിടോവിൽ നടത്താനിരുന്ന വിചാരണയിൽ നിന്ന് പൊതുജനങ്ങലെ കോടതി വിലക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകരേയും കോടതി വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മ്യാൻമറിയിലെ സൈനിക അട്ടിമറിയെത്തുടർന്ന് സൂചിയെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.