മെൽബൺ: കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ വിലക്കാനുള്ള നടപടിക്കെതിരെ ‘എക്സ്’ ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ഉന്നയിച്ച ആരോപണം തള്ളി ആസ്ട്രേലിയ. ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണെന്ന മസ്കിന്റെ ആരോപണത്തിൽ ആശ്ചര്യപ്പെടാനില്ലെന്നും ഒരു കുഴപ്പവുമില്ലെന്നും ട്രഷറി വകുപ്പ് മന്ത്രി ജിം ചാൽമേസ് പ്രതികരിച്ചു.
അദ്ദേഹം മുമ്പും സമാന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. മസ്കിനെ പ്രീതിപ്പെടുത്താനല്ല സമൂഹ മാധ്യമങ്ങളുടെ കാര്യത്തിൽ പുതിയ നയം കൊണ്ടുവന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനാണെന്നും ചാൽമേസ് വ്യക്തമാക്കി. 16 വയസ്സുവരെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ വിലക്കുന്ന ബിൽ വ്യാഴാഴ്ചയാണ് ആസ്ട്രേലിയൻ പാർലമെന്റിൽ അവതരിപ്പിച്ചത്.
കുട്ടികൾക്ക് അക്കൗണ്ടുകൾ നൽകിയാൽ ‘എക്സ്’ അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് 133 ദശലക്ഷം ഡോളർ പിഴ ചുമത്തുന്നതാണ് പുതിയ നിയമം. തിങ്കളാഴ്ച തുടങ്ങുന്ന ചർച്ചക്കു ശേഷം ബിൽ പാർലമെന്റ് പാസാക്കുമെന്നാണ് സൂചന. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ നിയന്ത്രിക്കുന്ന ബിൽ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.