വംശീയ അധിക്ഷേപമെന്ന്; കമല ഹാരിസിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വിവാദത്തില്‍

മെല്‍ബണ്‍: ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിനെയും പ്രസിഡന്റ സ്ഥാനാര്‍ഥി ജോ ബൈഡനെയും കുറിച്ചുള്ള ആസ്‌ട്രേലിയന്‍ പത്രത്തിന്റെ കാര്‍ട്ടൂണ്‍ വിവാദത്തില്‍. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പിന്റെ ഉടമസ്ഥതയിലുള്ള 'ദി ആസ്‌ട്രേലിയന്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വംശീയമാണെന്ന് ആരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി.

കമലയെ ചൂണ്ടി ബൈഡന്‍ വംശീയ പരാമര്‍ശം നടത്തുന്നതായി ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണ്‍ 'കുറ്റകരവും വംശീയവുമാണ്' എന്ന് ആസ്ട്രേലിയന്‍ കാബിനറ്റ് മന്ത്രി ആന്‍ഡ്രൂ ഗൈല്‍സ് ട്വിറ്ററില്‍ പ്രതികരിച്ചു.

മന്യതയും നിലവാരവും ഉണ്ടെങ്കില്‍ ഉടന്‍ മാപ്പ് ചോദിക്കണമെന്നും ഇത്തരം കാര്‍ട്ടൂണുകള്‍ ഇനി പ്രസിദ്ധീകരിക്കരുതെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെയ്ഫസ് ട്വീറ്റ് ചെയ്തു.

കാര്‍ട്ടൂണിനെ ന്യായീകരിച്ച് 'ദി ആസ്‌ട്രേലിയന്‍' എഡിറ്റര്‍ ഇന്‍ ചീഫ് രംഗത്തെത്തി. ബൈഡന്റെ തന്നെ വാക്കുകളെ പരിഹസിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ ന്യൂസ് കോര്‍പ് വക്താവ് വിസമ്മതിച്ചു.

തമിഴ് കുടുംബത്തില്‍നിന്നുള്ള ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡോണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ ആണ് കമല ഹാരിസ്.

നവംബറിലെ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ യു.എസ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും 77കാരനായ ബൈഡന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.