വാഷിങ്ടൺ: 27 വർഷമായി ലബോറട്ടറിയിലെ ക്രയോജനിക് ഫ്രീസറിൽ തണുത്തുറഞ്ഞു കിടന്ന ഭ്രൂണം പെൺകുഞ്ഞായി പിറന്നു വീണത് ചരിത്രത്തിലേക്ക്. ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽനിന്ന് കുഞ്ഞ് പിറക്കുന്നത് ആദ്യമായാണ്. 24 വർഷം പ്രായമുള്ള ഭ്രൂണത്തിൽനിന്ന് പിറന്ന സ്വന്തം സഹോദരിയുടെ റെക്കോഡാണ് എമ്മ എന്നുപേരിട്ട ഒരു മാസം പ്രായമായ പെൺകുഞ്ഞ് തിരുത്തിയത്.
1992 മുതൽ നോക്സ്വില്ലയിലെ നാഷനൽ എംബ്രിയോ ഡൊണേഷൻ സെൻററിൽ സൂക്ഷിച്ച ഭ്രൂണം ടെന്നിസിയിലെ ടിന ഗിബ്സൺ-ബെൻ ഗിബ്സൺ ദമ്പതികൾക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. കൃത്രിമ ഗർഭധാരണ ശസ്ത്രക്രിയയിലൂടെ ഭ്രൂണം ടിനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. ഗർഭിണിയായ ടിന കഴിഞ്ഞ ഒക്ടോബറിൽ എമ്മക്ക് ജന്മം നൽകി.
2017ൽ എമ്മയുടെ മൂത്ത സഹോദരി ജനിച്ചതും ലാബിൽനിന്ന് ദത്തെടുത്ത ഭ്രൂണത്തിൽനിന്നാണ്. അതിന് 24 വർഷം പ്രായമുണ്ടായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. അമേരിക്കയിലെ ഭ്രൂണ ലാബിൽ പത്ത് ലക്ഷത്തോളം ഭ്രൂണങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.