ലണ്ടൻ: കുടിയേറ്റവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് സർക്കാർ നയത്തെ വിമർശിച്ച് ട്വീറ്റ് ചെയ്ത മുൻ ഇംഗ്ലണ്ട് ഫുട്ബാൾ ടീം ക്യാപ്റ്റൻ ഗാരി ലിനേക്കറിനെതിരെ നടപടിയെടുത്ത് കുഴപ്പത്തിലായി ബി.ബി.സി.
‘മാച്ച് ഓഫ് ദ ഡേ’ അവതാരക സ്ഥാനത്തുനിന്ന് നീക്കിയ ലിനേക്കറിന് ഐക്യദാർഢ്യവുമായി മറ്റ് അവതാരകരും പണിമുടക്കിയതോടെ ഈ ആഴ്ച കുറച്ച് സ്പോർട്സ് പരിപാടികളേ ഉണ്ടാകൂവെന്ന് പ്രഖ്യാപിക്കേണ്ടിവന്നു.
പ്രീമിയർ ലീഗിലെ നിരവധി താരങ്ങളും കായിക മാധ്യമപ്രവർത്തകരും ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കുടിയേറ്റ നയത്തെ നാസി ജര്‍മനിയോട് ഉപമിച്ചതാണ് ലിനേക്കറിനെതിരായ നടപടിക്ക് കാരണം.
അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണ് ബി.ബി.സിയുടെ നടപടിയെന്ന് വിമർശനമുയർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും വിഷയത്തിൽ പ്രതികരിച്ചു.
ലിനേക്കർ മികച്ച ഫുട്ബാൾ കളിക്കാരനും കഴിവുള്ള അവതാരകനുമാണെന്നും പറഞ്ഞ സുനക്, പ്രശ്നം സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ലിനേക്കറിനെ നീക്കിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടെന്ന വാദങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് സുനകിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.