പാരിസ്: അടുത്ത വർഷത്തെ ഒളിമ്പിക്സിന് ഒരുങ്ങുന്ന ഫ്രാൻസ് തലസ്ഥാനമായ പാരിസ് മൂട്ടപ്പേടിയിൽ. പൊതുഗതാഗത സംവിധാനങ്ങളിലും സിനിമാശാലകളിലും ആശുപത്രികളിലുമെല്ലാം വിലസുന്ന മൂട്ടകൾക്കെതിരെ യോജിച്ച പോരാട്ടം ആരംഭിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു.
പാരിസ് മെട്രോ, അതിവേഗ ട്രെയിനുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ മൂട്ടയുടെ സാന്നിധ്യം യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. മൂട്ടയെ തുരത്താൻ അടിയന്തരമായി കർമപദ്ധതി തയാറാക്കേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗോയർ പ്രധാനമന്ത്രി എലിസബത്ത് ബോണിന് അയച്ച കത്തിൽ പറഞ്ഞു. സിനിമ തിയറ്ററുകളിൽ നിന്നുള്ള അസഹ്യമായ മൂട്ടകടി വിവരം ജനം ‘എക്സി’ൽ ഉൾപ്പെടെ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്. നേരത്തേ ഫ്രാൻസിൽ മൂട്ടശല്യം ഉണ്ടായിരുന്നെങ്കിലും 1950കളിൽ ഇവയെ ഉന്മൂലനം ചെയ്തതായി കണക്കാക്കിയിരുന്നു. എന്നാൽ, 2017ൽ വീണ്ടും വ്യാപക പരാതികൾ വന്നുതുടങ്ങി. ടൂറിസ്റ്റുകളുടെ വർധന, കീടനാശിനികൾക്കെതിരെ മൂട്ടകൾ ആർജിച്ച പ്രതിരോധം എന്നിവയാണ് വീണ്ടും ഇവ പെരുകാൻ കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.