ഒമിക്രോണിൽ നിലതെറ്റി ബെയ്ജിങ്; അഞ്ചു മരണം കൂടി

ബെയ്ജിങ്: ഒമിക്രോൺ വകഭേദം പടരുന്ന ബെയ്ജിങ്ങിൽ അഞ്ചു മരണങ്ങൾകൂടി. തിങ്കളാഴ്ച രണ്ടുപേർ മരിച്ചിരുന്നു. സീറോ-കോവിഡ് നയത്തിനെതിരായ വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഈ മാസം ആദ്യം സർക്കാർ പിൻവലിച്ച ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക മരണമാണിത്. ഇതോടെ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,242 ആയി. ഡിസംബർ മൂന്നിന് ശേഷം രാജ്യത്ത് ദേശീയ ആരോഗ്യ കമീഷൻ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളാണിത്. 2,722 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്‌.

ചൈനീസ് നഗരങ്ങളിൽ നിലവിൽ ബി.എ.5.2, ബി.എഫ്.7 ഒമിക്രോൺ വകഭേദങ്ങളാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ബെയ്ജിങ്ങിൽ ബി.എഫ്.7 വകഭേദമാണ് പിടിമുറുക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേരെയും വൈറസ് ബാധിച്ചതായാണ് കണക്ക്. രണ്ടാഴ്ചയോളം പൊതു പരിശോധന നിർത്തിയതിനാൽ ചൈനക്ക് കേസുകളുടെ എണ്ണത്തിൽ കൃത്യതയില്ല. ഇപ്പോൾ ജനങ്ങൾ സ്വയം പരിശോധിക്കുന്ന ആന്റിജൻ കിറ്റുകൾ വാങ്ങുകയാണ്. അവ കരിഞ്ചന്തയിൽ അമിത വിലക്കാണ് വിൽക്കുന്നത്. ആശുപത്രികളിൽ രോഗികളുടെ നീണ്ടനിരയും മരുന്നുകളുടെ ക്ഷാമവും അലട്ടുന്നുണ്ട്. ചൈനീസ് ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന വയോധികർ വാക്സിൻ എടുക്കാത്തതും ആശങ്ക കൂട്ടുന്നു.

ശ്വാസതടസ്സം മൂലം മരിക്കുന്ന കോവിഡ് രോഗികളെ മാത്രമേ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തൂവെന്ന് ചൊവ്വാഴ്ച ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ വ്യക്തമാക്കി. കൂടുതൽ പേർ രോഗബാധിതരായി മരിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം. രോഗബാധിതരായ ശേഷം ഹൃദയാഘാതമുണ്ടായി മരിച്ചവരെ ഒഴിവാക്കുന്നു. ന്യൂമോണിയ മൂലമുണ്ടാകുന്നവയും കോവിഡ് കാരണമുണ്ടാകുന്ന ശ്വസന തകരാറുകളും കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തും.

അതേസമയം ഹൃദയ, മസ്തിഷ്‍ക രോഗങ്ങൾ മൂലമുണ്ടാകുന്നവ കോവിഡ് മരണങ്ങളായി കണക്കാക്കില്ല. കേസുകൾ കുതിച്ചുയരാൻ കാരണമായ ഒമിക്രോൺ വകഭേദം മാരകമായി മാറുകയാണെന്നും ചൈന വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുകയാണെന്നും പീക്കിങ് യൂനിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം ഡയറക്ടർ വാങ് ഗുയിക്യാങ് പറഞ്ഞു

Tags:    
News Summary - Beijing on the ground in Omicron; Five more deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.