ന്യൂഡൽഹി: തലസ്ഥാന നഗരമായ ബെയ്റൂത്തിനെ പിടിച്ചുലച്ച സ്ഫോടനം ദുരിതം വിതച്ച ലബനാനിലേക്ക് അടിയന്തര സഹായമായി ഇന്ത്യ 58 മെട്രിക് ടൺ മെഡിക്കൽ-ഭക്ഷ്യ വസ്തുക്കൾ അയച്ചു. വെള്ളിയാഴ്ച വിമാനം കിറ്റുകളുമായി ലബനാനിലേക്ക് തിരിച്ചു.
'ബെയ്റൂത്തിൽ നടന്ന സ്ഫോടനത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ലബനാൻ ജനതയോട് ഐക്യപ്പെടുന്നു. 58 മെട്രിക് ടൺ അടിയന്തിര ഭക്ഷ്യവസ്തുക്കളും, മെഡിക്കൽ ഉപകരണങ്ങളുമായി ഇന്ത്യയുടെ ഐ.എ.എഫ് സി17 വിമാനം പുറപ്പെട്ടുകഴിഞ്ഞു'-ആഭ്യന്തര മന്ത്രി എസ്.ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
India demonstrates solidarity with the people of Lebanon in the aftermath of the tragic explosions in Beirut. 58 MT of emergency humanitarian aid, including crucial medical and food supplies, is on its way to Beirut in IAF C17 aircraft. pic.twitter.com/JIfvdrvSYc
— Dr. S. Jaishankar (@DrSJaishankar) August 14, 2020
കഴിഞ്ഞ 4ന് നടന്ന ശക്തമായ സ്ഫോടനത്തിൽ 170ഓളം ആളുകളാണ് ബെയ്റൂത്തിൽ കൊല്ലപ്പെട്ടത്. ആയിരത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും നിരവധിയാളുകൾ ഭവനരഹിതരാവുകയും ചെയ്തു. 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
'മണിക്കൂറുകൾക്കകം വിമാനം ബെയ്റൂത്തിലെത്തും. ലബനാനിലെ ഇന്ത്യൻ അംബാസഡർ റീലിഫ് കിറ്റുകൾ ലബനീസ് ആംഡ് ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൈമാറും. മെഡിക്കൽ ഉപകരണങ്ങൾക്കൊപ്പം ഗോതമ്പ് പൊടി, പഞ്ചസാര, പയർവർഗങ്ങൾ, പുതപ്പ്, കിടക്ക തുടങ്ങിയവയാണ് പ്രധാനമായും റിലീഫ് കിറ്റിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി പിപിഇ കിറ്റുകൾ, സർജിക്കൽ ഗ്ലൗസ്, സർജിക്കൽ ഗൗൺ എന്നിവയും കിറ്റിലുണ്ട്.
െഎക്യരാഷ്ട്രസഭയുടെയും ഫ്രാൻസിെൻറയും നേതൃത്വത്തിൽ വിളിച്ച സഹായ ദാതാക്കളുടെ സമ്മേളനത്തിൽ ലബനാനുവേണ്ടി 300 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു. ഇൗ തുക അഴിമതിയിൽ മുങ്ങിയ ലബനീസ് സർക്കാറിന് കൈമാറാതെ ജനങ്ങൾക്ക് നേരിട്ട് നൽകുമെന്നാണ് വിവരം.
സ്ഫോടനത്തെ തുടർന്നുണ്ടായ പ്രതിഷേധവും രോഷവും താങ്ങാനാകാതെ ആഗസ്റ്റ് 11ന് ലബനാൻ സർക്കാർ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി ഹസൻ ദിയാബ് ദേശീയ ടെലിവിഷൻ വഴിയായിരുന്നു രാജി പ്രഖ്യാപിച്ചത്. ജനാഭിലാഷം മാനിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗത്തിൽതന്നെ സ്വയം നവീകരണത്തിെൻറ നേതാവായാണ് ദിയാബ് വിശേഷിപ്പിച്ചത്. അഴിമതി രാജ്യത്തെക്കാൾ വലുതായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരടി പിന്നോട്ടുവെക്കുകയാണ്. അതുവഴി ജനങ്ങളോടൊപ്പം ചേർന്ന് മാറ്റത്തിനായി പൊരുതാനാകും. സ്ഫോടനത്തിന് ഉത്തരവാദികളായവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി പാർലമെൻറാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത്. സ്ഫോടനത്തെ തുടർന്ന് 110പേരെ ഇപ്പോഴും കെണ്ടത്തിയിട്ടില്ല. ലബനീസ് സർക്കാറിനെതിരെ പ്രക്ഷോഭം രൂക്ഷമായ ശേഷം മന്ത്രിസഭയിൽനിന്ന് മൂന്നുപേർ രാജിവെച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കത്തർ, ഇൻഫർമേഷൻ മന്ത്രി മനാൽ അബ്ദുൽ സമദ് എന്നിവർക്ക് പിന്നാലെ നീതിന്യായമന്ത്രി മാരീ ക്ലൗഡ് നജ്മും രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.