ബ്രസ്സൽസ്: ബെൽജിയൻ മൃഗശാലയിലെ രണ്ട് ഹിപ്പൊപൊട്ടാമസുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ. ആദ്യമായാണ് ഹിപ്പൊപൊട്ടാമസുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ആന്റ്വെർപ് മൃഗശാലയിലെ 14 വയസുള്ള ഇമാനിക്കും 41വയസായ ഹെർമിയനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ വെറ്ററിനറി ലാബ് സ്ഥിരീകരിച്ചു. രണ്ടു ഹിപ്പോകൾക്കും കോവിഡ് ബാധിച്ചത് എങ്ങനെയെന്ന കാര്യം വ്യക്തമല്ല.
രണ്ട് ഹിപ്പോകൾക്കും ചെറിയ മൂക്കൊലിപ്പ് മാത്രമാണുള്ളതെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. ഹിപ്പോകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മൃഗശാലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഹിപ്പോകൾക്ക് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നതെന്നും സാധാരണയായി പൂച്ചകൾക്കും കുരങ്ങുകൾക്കുമാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്നതെന്നും അവർ അറിയിച്ചു.
മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും പരിശോധനക്ക് വിേധയമാക്കിയിരുന്നു. എന്നാൽ, ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഹിപ്പോകളുടെ മൂക്ക് സാധാരണയായി എപ്പോഴും നനവുള്ളതായിരിക്കും. എന്നാൽ, മൂക്കിൽനിന്ന് കട്ടിയുള്ള ദ്രാവകം പുറത്തുവന്നതോടെ മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നുവെന്ന് മൃഗശാല ഡോക്ടറായ ഫ്രാൻസിസ് വെർകാമ്മൻ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചതോടെ ഹിപ്പോകളെ കാണാൻ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. നെഗറ്റീവ് ആയതിന് ശേഷമാകും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. ഹിപ്പോകളെ പരിചരിച്ചിരുന്നവരുടെ പരിശോധന ഫലം നെഗറ്റീവാണ്. മൃഗങ്ങളെ പരിചരിക്കുന്നവർക്ക് കർശന സുരക്ഷ മുൻകരുതലുകളും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.