കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കുള്ളിലെ എതിർപ്പ് ശക്തമാവുകയും പ്രതിച്ഛായ മോശമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.

ഒമ്പതു വർഷത്തെ ട്രൂഡോ ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവെച്ചു. ബുധനാഴ്ച ലിബറൽ പാർട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗം ചേരാനിരിക്കെയാണ് രാജി. എന്നാൽ, രാജി വാർത്തയോട് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ല. അതേസമയം, കാനഡ-യു.എസ് ബന്ധം സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിൽ 53കാരനായ ട്രൂഡോ പങ്കെടുക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഷെഡ്യൂളിലുള്ളത്.

ഒമ്പതു വർഷം രാജ്യത്തെ നയിച്ച ട്രൂഡോ ഉടൻ ഇറങ്ങുമോ അതോ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമോ എന്നത് വ്യക്തമല്ല. ഇടക്കാല നേതാവും പ്രധാനമന്ത്രിയുമാവാൻ തയാറാണോ എന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കുമായി ട്രൂഡോ ചർച്ച ചെയ്തതായും സൂചനയുണ്ട്. 2013ൽ ലിബറൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ട്രൂഡോ നേതാവായി ചുമതലയേറ്റത്. ഈ വർഷം ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിൽ ലിബറലുകൾ പ്രതിപക്ഷമായ കൺസർവേറ്റിവുകളോട് തോൽക്കുമെന്നാണ് സർവേ റിപ്പോർട്ട്.

ഈ പശ്ചാത്തലത്തിൽ ട്രൂഡോ നേതൃസ്ഥാനമൊഴിയുന്നത് പാർട്ടിയെ സ്ഥിരം നേതാവില്ലാത്ത അവസ്ഥയിലേക്കു തള്ളിവിടും.

Tags:    
News Summary - Justin Trudeau steps down as Canada PM and Liberal Party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.