ബ്രസൽസ്: തൊഴിലാളികളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ നാലായി പുനർനിശ്ചയിക്കാനുള്ള ശിപാർശ പരിഗണനയിലെന്ന് ബെൽജിയം സർക്കാർ. ബെൽജിയം സാമ്പത്തിക, തൊഴിൽ മന്ത്രി പീയറിയെസ് ദെർമാഗ്നയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളി ക്ഷേമത്തിന്‍റെ ഭാഗമായി ഈ ശിപാർശ ബെൽജിയം ഫെഡറൽ സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും വിഷയത്തിൽ വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും പീയറിയെസ് അറിയിച്ചതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കോവിഡ് മഹാമാരി ജനങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങളാണ് പ്രവൃത്തി ദിനം കുറക്കുന്നത് മൗലിക കാര്യമായി കണക്കാൻ കാരണമായത്. പുതിയ ശിപാർശയിൽ തീരുമാനം വരുന്നതു വരെ തൊഴിലാളികൾ നിലവിലുള്ള സമയക്രമത്തിൽ ജോലി ചെയ്യും.
വ്യവസായ, തൊഴിൽ സംഘടനാ പ്രതിനിധികൾക്ക് ശിപാർശ കൈമാറുകയും അവരുടെ അഭിപ്രായം കേൾക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങൾ ആറു മാസത്തോളം നീണ്ടുനിൽക്കും. ഇതിന് ശേഷമായിരിക്കും നിയമനിർമാണത്തിലേക്ക് സർക്കാർ കടക്കുക.
പുതിയ തൊഴിൽ നിയമം കൊണ്ടുവന്നാണ് പ്രവൃത്തി ദിനം കുറക്കുന്നത്. ഇതിൽ ജോലി സമയം സംബന്ധിച്ച കാര്യങ്ങളും വ്യവസ്ഥ ചെയ്യും. എന്നാൽ, പ്രവൃത്തി ദിനം നാലായി ചുരുക്കണമെന്ന് സർക്കാറിന് നിർബന്ധമില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.
നിലവിലെ 38-40 മണിക്കൂർ ജോലി സമയം ആഴ്ചയിലെ നാല് പ്രവൃത്തി ദിവസങ്ങളായി ചുരുക്കുന്നത് സംബന്ധിച്ച നിർദേശം ഏഴ് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടുന്ന ബെൽജിയത്തിലെ സഖ്യസർക്കാർ പരിഗണിക്കുന്നതായും നിർദേശത്തെ മുഴുവൻ ഭരണകക്ഷികളും പിന്തുണക്കുന്നതായും വി.ടി.എം ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ നിർദേശം തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നും എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്നും ഭരണകക്ഷിയായ ഗ്രീൻ പാർട്ടിയുടെ നേതാവ് മേറം അൽമാക്കി ചൂണ്ടിക്കാട്ടി.
സ്പെയിൻ, ഐസ് ലൻഡ് എന്നീ രാജ്യങ്ങൾ പ്രവൃത്തി ദിനം ആഴ്ചയിൽ നാലായി ചുരുക്കി മുമ്പ് പരീക്ഷണം നടത്തിയിരുന്നു. 2015ലും 2017ലും ഐസ് ലൻഡിൽ നടത്തിയ പരീക്ഷണത്തിൽ തൊഴിലാളികളിൽ സമ്മർദം ഉണ്ടാക്കുകയോ അവരുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്ന് ഗവേഷകർ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.