വാഷിങ്ടൺ: ഹിജാബ് ധരിച്ച വിദ്യാർഥിനികൾക്ക് കർണാടക കോളജിൽ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തിൽ മുസ്ലീം സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ മോഡൽ ബെല്ല ഹദിദ്. 25 കാരിയായ ബെല്ല ഇൻസ്റ്റാഗ്രാം പേജിൽ ഹിജാബ് സമരങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ പങ്കിട്ടുക്കൊണ്ടാണ് പിന്തുണയറിയിച്ചത്. ഹിജാബ് ധരിക്കാനുള്ള ലോകമെമ്പാടുമുള്ള മുസ്‌ലിം സ്ത്രീകളുടെ സമരങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളുടെ പരമ്പര തന്നെ ബെല്ല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ഇതിലാണ് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള സമരവും ഉള്‍പ്പെട്ടിട്ടുള്ളത്.
ഹിജാബ് നിരോധിക്കാൻ ശ്രമിക്കുന്ന സർക്കാരുകളുടെ നടപടികൾ ഇസ്‌ലാമോഫോബിക് ആണെന്നും അത് പരിഹാസ്യമാണെന്നും ബെല്ല പോസ്റ്റിൽ കുറിച്ചു. ഹിജാബ് ധരിക്കുന്നതോ മുസ്ലീമായതോ വെളുത്തവരല്ലാത്തതോ ആയത് ഒരു ഭീഷണിയായി കണക്കാക്കുന്നത് വേദനാജനകമായ നടപടിയാണെന്നും ബെല്ല കൂട്ടിച്ചേർത്തു.
'സ്ത്രീകൾ എന്ത് ധരിക്കണം അല്ലെങ്കിൽ ധരിക്കരുത് എന്ന് പറയുന്നത് നിങ്ങളുടെ ജോലിയല്ല, പ്രത്യേകിച്ച് അവരുടെ വിശ്വാസപരമായ വിഷയമാകുമ്പോള്‍' ഇന്ത്യയിലെ ഹിജാബ് സമരത്തിന്റെ വാര്‍ത്തയുടെ ഒരു സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ബെല്ല എഴുതി. മുസ്‌ലിം സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഫ്രാന്‍സ്, ഇന്ത്യ, ക്യുബക്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളോട് നിങ്ങളുടേതല്ലാത്ത ഒരു ശരീരത്തെക്കുറിച്ച് നിങ്ങള്‍ എന്ത് തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്ന് പുനര്‍വിചിന്തനം ചെയ്യണമെന്നും ബെല്ല പറഞ്ഞു.
''ഇത്തരത്തിലുള്ള അനാദരവ് തോന്നിയവരോട് ഞാൻ ഖേദിക്കുന്നു. നിങ്ങൾ അത് അർഹിക്കുന്നില്ല. നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുക. നിങ്ങളുടെ ദൈവത്തെ സ്നേഹിക്കുക. നിങ്ങളായിരിക്കുക.'' -ബെല്ല ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു .
ന്യൂസിലാന്‍ഡിലെ ഒട്ടാഗോയില്‍ നിന്നുള്ള ഹോദ അല്‍-ജമ 17 കാരിയായ സ്‌കൂള്‍ വിദ്യാർഥിനിയെ ഹിജാബ് വലിച്ചെറിഞ്ഞ് മര്‍ദിച്ചതായി ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷയത്തിലും ബെല്ല പ്രതിഷേധം അറിയിച്ചു. പ്രമുഖ യു.എസ് മോഡലായ ബെല്ല ടി.വി, സംഗീത വിഡിയോ താരവും അറിയപ്പെടുന്ന സിനിമാ താരവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.