ബാലി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്തോനേഷ്യയിലെ ബാലിയിൽ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്ക് എത്തിയതാണ് ഇരുവരും. തായ്‍വാൻ വിഷയത്തിൽ ഭിന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതും മുന്നറിയിപ്പ് നൽകിയതും സൗഹൃദ കൂടിക്കാഴ്ചയിലെ കല്ലുകടിയായി. തായ്‍വാൻ വിഷയത്തിൽ യു.എസ് അതിര് ഭേദിക്കരുതെന്നും ദേശീയ താൽപര്യമുള്ള വിഷയത്തിൽ യു.എസ് ഇടപെടുന്നത് പരസ്പര ബഹുമാനത്തിന് വിരുദ്ധമാണെന്നും ഷി ജിൻപിങ് ബൈഡനോട് പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തായ്‍വാനിൽ തൽസ്ഥിതിയിൽനിന്ന് ഒരു മാറ്റവും വരുത്തരുതെന്നും തായ്‍വാൻ ദ്വീപിന് സൈനിക സഹായം നൽകാൻ സന്നദ്ധമാണെന്ന് യു.എസ് പലവട്ടം സൂചിപ്പിച്ചതാണെന്ന് ജോ ബൈഡൻ തിരിച്ചടിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതിനിടെ അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷത്തിലേക്ക് എത്താതിരിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. രണ്ടു വർഷം മുമ്പ് അധികാരമേറ്റശേഷം ബൈഡൻ ആദ്യമായാണ് ചൈനീസ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം, ഫോൺ ചർച്ച ഉണ്ടായിട്ടുണ്ട്. ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ സഹകരണത്തിന് സാധ്യത ഏറെയാണെന്നും ആഗോള സാഹചര്യങ്ങൾ അത് ആവശ്യപ്പെടുന്നുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു.
സംഘർഷമൊഴിവാക്കൽ ഇരുരാഷ്ട്രങ്ങളിലെയും ജനങ്ങളുടെ മാത്രമല്ല, ലോകത്തിന്റെതന്നെ ആവശ്യമാണെന്ന് ഷി ജിൻപിങ്ങും പറഞ്ഞു. പ്രധാനമായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലെ കൂടിക്കാഴ്ചയെ ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. വിരുദ്ധ ധ്രുവങ്ങളിലുള്ള വൻശക്തി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത് മഞ്ഞുരുക്കത്തിന് വഴിവെക്കുമെന്നാണ് പ്രതീക്ഷ.
വീണ്ടും ചൈനീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയുമായി സഹകരണത്തിന് തയാറാണെന്ന് ഷി ജിൻപിങ് വ്യക്തമാക്കിയിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിക്ക് രാഷ്ട്രനേതാക്കൾ തിങ്കളാഴ്ച വൈകീട്ട് ബാലിയിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.