വാഷിങ്ടൺ: ഹമാസിനെ തകർക്കാനെന്ന പേരിൽ ഗസ്സയിൽ കുരുതി തുടരുന്ന ഇസ്രായേലിനു മേൽ വെടിനിർത്തലിന് പുതിയ സമ്മർദവുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ഹമാസ് റോക്കറ്റിടുന്നത് നിർത്താനും എന്നാൽ, ഇസ്രായേൽ ബോംബുവർഷം തുടരാനും ആഹ്വാനം ചെയ്ത് രാജ്യത്തും അന്താരാഷ്ട്ര തലത്തിലും വിമർശനമേറെ ഏറ്റുവാങ്ങിയ ബൈഡൻ ഭരണകൂടം ബുധനാഴ്ചയാണ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇരു നേതാക്കളും ഗസ്സയിലെ സംഭവങ്ങളും ഹമാസിെൻറയും മറ്റു തീവ്രവാദി സംഘടനകളുടെയും ശേഷി നിർവീര്യമാക്കുന്നതിലെ പുരോഗതിയും ഒപ്പം മേഖലയിലെ ശക്തികൾ നടത്തുന്ന ശ്രമങ്ങളും വിശദമായി ചർച്ച നടത്തിയതായി വൈറ്റ്ഹൗസ് വാർത്ത കുറിപ്പിൽ പറഞ്ഞു.
വിഷയത്തിൽ ബുധനാഴ്ച തന്നെ അടിയന്തര നടപടി പ്രതീക്ഷിക്കുന്നതായി യു.എസ് ഭരണകൂട വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ, ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അനൗദ്യോഗിക വെടിനിർത്തലിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരു വിഭാഗങ്ങൾക്കിടയിൽ ധാരണയുണ്ടായിട്ടില്ലെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു.
ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ ഫലസ്തീനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ യൂസുഫ് അബൂഹുസൈൻ ഉൾപെടെ കൊല്ലപ്പെട്ടിരുന്നു. ശൈഖ് റദ്വാൻ പ്രദേശത്തെ ഇദ്ദേഹത്തിെൻറ വീടിനു മേൽ മൂന്നു മിസൈലുകളാണ് പതിച്ചത്. അൽഅഖ്സ റേഡിയോയിൽ മാധ്യമ പ്രവർത്തകനായിരുന്നു. 200ലേറെ പേരാണ് ഗസ്സയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി കുട്ടികളും സ്ത്രീകളും കുരുതിക്കിരയായി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ആക്രമണങ്ങൾ ലക്ഷ്യം കണ്ടോ എന്ന് വ്യക്തമല്ല.
അതിനിടെ, അയൽരാജ്യമായ ലബനാനിലും ആക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം ലബനാൻ അതിർത്തിയിൽനിന്ന് ഇസ്രായേൽ ലക്ഷ്യമിട്ട് റോക്കറ്റുകൾ വർഷിച്ചിരുന്നു.
ഗസ്സക്കു മേൽ പകൽ സമയത്ത് ആക്രമണം നടക്കാത്തതും ഹമാസ് തിരിച്ച് മിസൈലുകൾ വർഷിക്കാത്തതും വെടിനിർത്തലിെൻറ സൂചനയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അയൽരാജ്യങ്ങളായ ഈജിപ്ത്, ഖത്തർ എന്നിവയും യു.എന്നും സമാധാന നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ജോർദാൻ, ഈജിപ്ത്, ഫ്രാൻസ് എന്നിവ സംയുക്ത പ്രസ്താവനയിലും ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
ഇസ്രായേൽ ആക്രമണത്തിനെതിരെ പലതവണ യു.എൻ പ്രമേയം തയാറാക്കിയിരുന്നുവെങ്കിലും യു.എസ് ഇടപെട്ട് പരാജയപ്പെടുത്തുകയായിരുന്നു. നയതന്ത്ര നീക്കങ്ങളെ പരാജയപ്പെടുത്തുമെന്നായിരുന്നു ന്യായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.