ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ, അത് സംഭവിച്ചു. ജോസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന സാധാരണക്കാരൻ അമേരിക്കയുടെ പ്രസിഡൻറു പദത്തിൽ. 'മിഡിൽ ക്ലാസ് ജോ' എന്നൊരു വിളിപ്പേരുണ്ട് ബൈഡന്. എന്നും അങ്ങനെയായിരുന്നു ജീവിതം. എല്ലാവരുടേയും ഇഷ്ടക്കാരൻ. കരുതലും സ്നേഹവും ഒരുപിടി കൂടുതൽ. വ്യക്തി ദുരന്തങ്ങളുടെ കനൽപാത ചവിട്ടിയുള്ള ജീവിതമാണ് അതിന് കാരണമായത്.
1972ൽ ആദ്യമായി സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസം പിന്നിടും മുമ്പാണ് ഭാര്യ നെയ്ലിയയേയും ഒരു വയസ്സുള്ള മകൾ നവോമിയേയും കാർ അപകടത്തിൽ നഷ്ടമായത്. ആശുപത്രിമുറിയിൽനിന്നായിരുന്നു സെനറ്ററായുള്ള സത്യപ്രതിജ്ഞ. അന്ന് കൂട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് രണ്ട് മക്കൾ. ജോസഫ് റോബിനറ്റ് ബ്യൂ, ഹണ്ടർ ബൈഡൻ. ഇതിൽ ബ്യൂ 2015ൽ 46ാം വയസ്സിൽ മസ്തിഷ്കാർബുദം ബാധിച്ച് മരിച്ചു. ഡെലാവെർ അറ്റോണി ജനറലായിരുന്ന ബ്യൂവിനെ പിതാവിെൻറ പിൻഗാമി ആയാണ് എല്ലാവരും കണ്ടിരുന്നത്. ഡെലാവെർ സംസ്ഥാന ഗവർണർ പദവിയിലേക്ക് മത്സരിക്കാനിരിക്കെയാണ് മരണം ബ്യൂവിനെ അപഹരിച്ചത്.
മുൻ പ്രസിഡൻറ് ബറാക് ഒബാമ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ' അമേരിക്കക്ക് കിട്ടിയ എറ്റവും മികച്ച വൈസ്പ്രസിഡൻറ്' എന്ന്. എട്ടു വർഷമാണ് ബൈഡൻ ഒബാമയുടെ കീഴിൽ തുടർന്നത്. തനിക്ക് ഒബാമ സഹോദരനെപ്പോലെയാെണന്ന് ൈബഡനും പറഞ്ഞു. ഒബാമയുടെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ ആരോഗ്യ മേഖലയിലായിരുന്നെങ്കിൽ അതിന് പിന്നിൽ ബൈഡെൻറ ശക്തമായ പിന്തുണയുണ്ടായിരുന്നു.
പെൻസൽവേനിയയിലെ വ്യവസായ നഗരമായ സ്ക്രാൻറണിൽ കാർ വിൽപനക്കാരനായ ജോസഫ് റൂബിനറ്റ് ബൈഡൻ സീനിയറിേൻറയും കാതറിൻ യൂജിനിയയുടേയും മകനായി 1942ലാണ് ജനനം. കുടുംബം പിന്നീട് ഡെലാവറിലേക്ക് കുടിയേറി. കഠിനാധ്വാനം കൈമുതലാക്കി നിയമ ബിരുദം നേടിയ ബൈഡൻ അഭിഭാഷകനായി. 29ാം വയസ്സിൽ ആദ്യമായി ഡെലാവറിൽനിന്ന് സെനറ്റിലേക്ക്. നീണ്ട 36 വർഷം ഉപരിസഭയിൽ ഡെലാവർ സെനറ്ററായി തുടർന്നു. സുപ്രധാനമായ വിദേശ ബന്ധ സമിതിയുടെ അധ്യക്ഷനായും ഏറെക്കാലം പ്രവർത്തിച്ചു. 2009 മുതൽ എട്ടു വർഷമാണ് യു.എസ് വൈസ് പ്രസിഡൻറായത്.സെനറ്ററായിരുന്ന കാലത്ത് ഡെലാവെറിൽനിന്ന് വാഷിങ്ടണിലേക്ക് ലോക്കൽ ട്രെയിനിൽ പതിവായി അങ്ങോട്ടും ഇങ്ങോട്ടും മൂന്നു മണിക്കൂർ യാത്രചെയ്യുമായിരുന്നു ബൈഡൻ. നീണ്ട 30 വർഷം ആ യാത്ര തുടർന്നു എന്നാണ് കഥ. കുടുംബത്തോടൊപ്പം ചേരാൻ എന്നും വീടണയുന്ന സ്നേഹനിധിയായ പിതാവുമായിരുന്നു അദ്ദേഹം.
1988ൽ ഡെമോക്രാറ്റ് പ്രസിഡൻറ് സ്ഥാനാർഥിയായി രംഗത്തുവന്നെങ്കിലും മറ്റൊരു നേതാവിെൻറ പഴയ പ്രസംഗം മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് രംഗം വിട്ടു. 2008ൽ വീണ്ടും രംഗത്തുവന്നെങ്കിലും കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് കണ്ട് പിൻമാറി. 2017ൽ ൈവസ് പ്രസിഡൻറു പദം വിടുേമ്പാൾ വീണ്ടും അമേരിക്കൻ പ്രസിഡൻറ് എന്ന സ്വപ്നം മനസ്സിൽ കൂട്ടിവെച്ചിരുന്നു. 2019ൽ അത് ജനങ്ങൾക്കു മുന്നിൽ പ്രഖ്യാപിച്ചു. അമേരിക്കയെ അമേരിക്കയാക്കിയത് എന്തൊക്കെയാണോ അതെല്ലാം ഡോണൾഡ് ട്രംപ് നശിപ്പിച്ചു എന്നായിരുന്നു ബൈഡെൻറ പ്രഖ്യാപനം. അത് ജനങ്ങൾ ഏറ്റെടുത്തു എന്ന് വേണം കരുതാൻ. ''ഈ രാജ്യത്തിെൻറ അടിസ്ഥാന മൂല്യങ്ങൾ, ജനാധിപത്യം, ലോകത്തിനു മുന്നിൽ അമേരിക്കയുടെ പദവി... എല്ലാം ട്രംപ് കുരുതികൊടുത്തു. അമേരിക്കയുടെ ആത്മാവിനെ തിരിച്ചുപിടിക്കാൻ പോരാട്ടത്തിനൊരുങ്ങുകയാണ് താൻ'' എന്നും ബൈഡൻ അന്ന് പറഞ്ഞിരുന്നു. ഒടുവിൽ അത് സംഭവിച്ചു. യു.എസ് പ്രസിഡൻറായി ബൈഡൻ.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻറുകൂടിയാണ് അദ്ദേഹം. വയസ്സ് 78. പ്രായക്കൂടുതൽ െകാണ്ടു മാത്രമല്ല, പലപ്പോഴും 'നാക്കുളുക്കുന്ന' വ്യക്തിയാണ് അദ്ദേഹം. ആവർത്തിച്ച് വിഡ്ഢിത്തങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് പ്രശസ്തനുമാണ്.
പക്ഷേ, പരിണിതപ്രജ്ഞനായതിനാൽ അമേരിക്കൻ ജനത അത് പൊറുത്തു കൊടുക്കാറാണ് പതിവ്. ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഇപ്പോൾ കമ്യൂണിറ്റി കോളജ് പ്രഫസറായ ജിൽ ആണ് ഭാര്യ. മകൾ ആഷ്ലി. ഈ പ്രായത്തിലും പകുതി ചോക്ലേറ്റും പകുതി വാനിലയും ചേർന്ന അമേരിക്കൻ ക്ലാസിക് ഐസ്ക്രീമിെൻറ ആരാധകൻകൂടിയാണ് പുതിയ പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.