വാഷിങ്ടൺ: ഗസ്സയിലെ ആശുപത്രികളെല്ലാം ഇസ്രായേൽ സേന വളഞ്ഞിട്ട് ആക്രമിക്കുകയും, പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇൻകുബേറ്ററിൽ കുഞ്ഞുങ്ങളും അത്യാഹിത വിഭാഗത്തിൽ കഴിയുന്നവരും മരണത്തിന് കീഴടങ്ങവെ പ്രസ്താവനയുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഗസ്സയിലെ ആശുപത്രികൾ സംരക്ഷിക്കപ്പെടണം എന്നാണ് ബൈഡൻ വൈറ്റ് ഹൗസിൽ പറഞ്ഞിരിക്കുന്നത്.
ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള നടപടി കുറക്കുമെന്നാണ് പ്രതീക്ഷ. ഇസ്രായേലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആശുപത്രികൾ സംരക്ഷിക്കപ്പെടണം -ബൈഡൻ പറഞ്ഞു.
ശനിയാഴ്ച മുതൽ ഇസ്രായേൽ സേന ഗസ്സയിലെ ആശുപത്രികൾ വളഞ്ഞിരിക്കുകയാണ്. ഇസ്രായേലിന്റെ കടുത്ത ഉപരോധവും ആക്രമണവും മൂലം പ്രവർത്തനം നിലച്ച അൽ ശിഫ ആശുപത്രിയിൽ ഹൃദയഭേദക രംഗങ്ങളാണ്. അവസാന ജനറേറ്ററും പ്രവർത്തനരഹിതമായതോടെ ഇരുട്ടിലായ അൽ ശിഫയിൽ ഇൻകുബേറ്ററിൽ കഴിയുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 27 പേരുമടക്കം 34 രോഗികൾ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ള 650ഓളം പേർ മരണമുഖത്താണ്. 500ഓളം ആരോഗ്യപ്രവർത്തകരും 2500ഓളം അഭയാർഥികളും ആശുപത്രിയിലുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഖബറടക്കാൻ പോലുമാകാതെ ആശുപത്രി വളപ്പിൽ ചീഞ്ഞളിയുന്ന നിലയിലാണെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുനീർ അൽ ബുർശ് പറഞ്ഞു.
ആശുപത്രികളുമായുള്ള വാർത്താവിനിമയ ബന്ധം നിലച്ചതിനാൽ ഗസ്സയിലെ കൃത്യം മരണക്കണക്ക് പുറത്തുവിടാൻ ആരോഗ്യമന്ത്രാലയത്തിന് കഴിയുന്നില്ല.
അൽ ഖുദ്സ് ആശുപത്രിയിൽ നടത്തിയ വെടിവെപ്പിൽ 21 പേരെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന. സേനക്കുനേരെ ആശുപത്രിയിൽനിന്നുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് വെടിവെപ്പ് നടത്തിയതെന്നാണ് അവകാശവാദം.
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ആംസ്റ്റർഡമിൽ നടന്ന പരിപാടിക്കിടെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി. പരിസ്ഥിതിക്കായുള്ള പ്രതിഷേധ പരിപാടിക്കിടെ ഫലസ്തീനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നുമുള്ള സ്ത്രീകളെ ഗ്രെറ്റ സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സദസ്സിലുണ്ടായിരുന്ന ഒരാൾ വേദിയിലേക്ക് കയറി ഗ്രെറ്റയുടെ പ്രസംഗം തടസപ്പെടുത്തിയത്. പരിസ്ഥിതിക്ക് വേണ്ടിയുള്ള പ്രസ്ഥാനമെന്ന നിലയിൽ അടിച്ചമർത്തപ്പെടുന്നവരുടെയും സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെയും വാക്കുകൾ നമുക്ക് കേൾക്കേണ്ടതായുണ്ട് എന്നു പറഞ്ഞാണ് ഗ്രെറ്റ ഫലസ്തീൻ, അഫ്ഗാൻ സ്ത്രീകളെ സംസാരിക്കാൻ ക്ഷണിച്ചത്. ഇരുവരും സംസാരിച്ച ശേഷം ഗ്രെറ്റ തന്‍റെ പ്രസംഗം തുടർന്നു. ഇതിനിടെയാണ് ഒരാൾ സദസ്സിൽ നിന്ന് കടന്നുവന്ന് മൈക്ക് പിടിച്ചുവാങ്ങി ഗ്രെറ്റയെ സംസാരിക്കുന്നത് തടസ്സപ്പെടുത്തിയത്. ഇയാളെ സംഘാടകർ ഉടൻതന്നെ വേദിയിൽ നിന്ന് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.